Oct 8, 2026

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് തടയണമെന്ന് സുപ്രീംകോടതി; സമിതി രൂപീകരിച്ചു



പ്രതീകാത്മക ചിത്രം







ഡൽഹി: മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ലഭിക്കുന്ന നിർദ്ദേശങ്ങളും നിവേദനങ്ങളും പരിഗണിച്ച് ഈ സമിതി കേന്ദ്ര സർക്കാരിന് ശുപാർശകൾ സമർപ്പിക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി 29ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളടക്കം നൽകിയുള്ള ഇടപാടുകൾ തടയുന്നതിനായി മരുന്ന് വിപണന രീതികളിൽ നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇവർ പരിഗണിച്ചത്.

മരുന്ന് കമ്പനികളുടെ അന്യായമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നിയമപരമായ ചട്ടക്കൂട് ആവശ്യമാണോയെന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ രൂപീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

രോഗികൾക്ക് മരുന്നുകൾ കുറിച്ച് നൽകാൻ ഡോക്ടർമാരെ സ്വാധീനിക്കാൻ സെയിൽസ് പ്രൊമോഷനായി കമ്പനികൾ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും അതുവഴി വിൽപന വർദ്ധിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞു. 'ഇത് മരുന്നുകളുടെ അമിതമായ കുറിപ്പടിക്ക് (ഓവർ പ്രിസ്ക്രിപ്ഷൻ) കാരണമായിരിക്കുന്നു. ഇത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ആരോഗ്യത്തിനുള്ള അവകാശത്തിന്റെയും നഗ്‌നമായ
ലംഘനത്തിന് ഇടയാക്കുന്നു'വെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ സൗജന്യങ്ങൾ വാങ്ങുന്നതും നൽകുന്നതും നിയന്ത്രിക്കുന്നതിനുള്ള ചട്ടം നിലവിലുണ്ടെന്നാണ് സർക്കാർ വാദിച്ചത്. 'ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, മെഡിക്കൽ റെപ്രസൻ്റേറ്റീവുകൾ, ഏജന്റുകൾ എന്നിവർക്ക് ബാധകമായ 'യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ്' ഫാർമസ്യൂട്ടിക്കൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്'. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഡോക്ടർമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സമ്മാനങ്ങൾ, യാത്രാസൗകര്യങ്ങൾ, ഹോസ്‌പിറ്റാലിറ്റി, പണമോ മറ്റ് ധനസഹായങ്ങളോ നൽകുന്നത് ഈ ചട്ടം നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എന്നിരുന്നാലും, ഫാർമസ്യൂട്ടിക്കൽ കമ്പനികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിയമപരമായ കൂടുതൽ നിയന്ത്രണം ആവശ്യമാണോ എന്നും അങ്ങനെയാണെങ്കിൽ അത് എന്ത് രൂപത്തിലായിരിക്കണം എന്നും പരിശോധിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയ ഹർജിക്കാർ സൗജന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ഡോക്ടർമാരെയും പ്രലോഭനങ്ങൾ നൽകുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെയും ശിക്ഷിക്കാൻ നിയമപരമായ വ്യവസ്ഥകൾ ഇല്ലാത്തതാണ് പ്രശ്ന‌മെന്നും ചൂണ്ടിക്കാട്ടി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only