Oct 30, 2026

മേജര്‍ രവിയുടെ സൈനികപദവിയും 'ദാവൂദ് ഇബ്രാഹീം' പരാമര്‍ശവും അന്വേഷിക്കണം' മുഖ്യമന്ത്രിക്ക് വിമുക്ത ഭടന്റെ പരാതി


തിരുവനന്തപുരം: മേജര്‍ രവി എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയുടെ സൈനിക പദവിയും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തൊഴില്‍ വാഗ്ദാനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. വിരമിച്ച ഇന്ത്യന്‍ ആര്‍മി ഹവില്‍ദാര്‍ രാമകുഞ്ഞ് എസ്.ആര്‍ ആണ് പരാതി നല്‍കിയത്.


മേജര്‍ രവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജിസ്‌ട്രേഷന്‍, അംഗീകാരം, ഫ്രാഞ്ചൈസി പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള തൊഴില്‍ വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ കൃത്യതയും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സ്കൂളുകളിലും മറ്റും എത്തി കുട്ടികൾക്കും യുവാക്കൾക്കും നൽകുന്ന പരിശീലനങ്ങളും തൊഴിൽ വാഗ്ദാനങ്ങളും കൃത്യമാണോയെന്ന് പരിശോധിക്കണമെന്നും പരാതിയിലുണ്ട്.

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി പണം വാങ്ങിയിട്ടുണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 318 ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണം. ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട പ്രത്യേക ദൗത്യം സർക്കാർ ഏൽപ്പിച്ചിരുന്നുവെന്ന അവകാശവാദത്തിന്‍റെ ആധികാരികത പരിശോധിക്കണമെന്നും രാമകുഞ്ഞ് ആവശ്യപ്പെടുന്നു. ബലൂചിസ്ഥാനിൽ ഇന്ത്യൻ രഹസ്യാനേഷണ ഉദ്യോഗസ്ഥരുണ്ടെന്ന മാധ്യമ പ്രസ്താവനകൾ ദേശീയ സുരക്ഷയെ ബാധിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര സർക്കാർ അധികാരികൾ പരിശോധിക്കണമെന്നും ഔദ്യോഗിക രഹസ്യ നിയമം ഉൾപ്പെടെയുള്ള പ്രസക്തമായ നിയമപ്രകാരം അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പരാതിയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനെ കൊല്ലാൻ പദ്ധതി ഉണ്ടായിരുന്നെന്ന് കഴിഞ്ഞയാഴ്ച രണ്ട് തവണയാണ് സംവിധായകൻ മേജർ രവി ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇത് വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചിരുന്നു. ദാവൂദിനെ ഇല്ലാതാക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിരുന്നുവെന്നും എന്നാൽ കോവിഡ് വന്നതിനാൽ അക്കാര്യം നടന്നില്ലെന്നുമായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞത്. തന്‍റെ ജീവിതത്തിലെ നടക്കാതെ പോയ ഒരു സ്വപ്നമായിരുന്നു ആ ഓപറേഷനെന്നും മേജർ രവി പറഞ്ഞിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only