പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്നു കേൾക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിച്ച് തുടങ്ങിയിട്ട് ഇന്ന് 10 വർഷം തികയുന്നു. നോട്ടുനിരോധനത്തിലൂടെ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായെന്ന ചോദ്യത്തിന് സർക്കാരിനു കൃത്യമായ മറുപടിയില്ലെങ്കിലും ജനങ്ങൾ പണം ഉപയോഗിക്കുന്ന രീതിയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണ്.
പണം കൈകാര്യത്തിലെ മാറ്റം
2016ലെ നോട്ടുനിരോധനത്തിനു ശേഷം രണ്ടു സമാന്തര ട്രെൻഡുകൾ പ്രകടമാണ്. ഒരു വശത്ത് യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ കുതിച്ചുകയറുന്നു, അതേസമയത്തു തന്നെ പേപ്പർ കറൻസിയുടെ വിനിമയവും വൻതോതിൽ വർധിക്കുന്നു. ഒക്ടോബർ 15 വരെയുള്ള കണക്കനുസരിച്ച് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 5 വർഷത്തെ ഏറ്റവും ഉയർന്ന മൂല്യമായ 43.46 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. അതേസമയത്തു തന്നെ യുപിഐയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
കറൻസി–ജിഡിപി അനുപാതം
വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിലെയും മൂല്യത്തിലെയും വർധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുമായി താരതമ്യം ചെയ്തു പരിഗണിക്കേണ്ടതുണ്ട്. ജിഡിപി ഓരോ വർഷവും 6 മുതൽ 7% വരെ ശരാശരി വളരുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സമ്പദ്വ്യവസ്ഥയുടെ ആകെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ കറൻസിയുടെ അനുപാതത്തിൽ വലിയ വർധനയുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. 2015-16ൽ 12.1 ശതമാനമായിരുന്ന കറൻസി–ജിഡിപി അനുപാതം നോട്ടുനിരോധനത്തിനു പിന്നാലെ 2016-17ൽ 8.7 ശതമാനമായി കുറഞ്ഞു. പിന്നീട് ക്രമേണ ഉയർന്നു.
കോവിഡ് കാലത്ത് പണം കൈവശം സൂക്ഷിക്കാനുള്ള പ്രവണതയും സാമ്പത്തിക അനിശ്ചിതത്വവും മൂലം 2020-21ൽ ഇത് 14.4 ശതമാനത്തിലെത്തി. പിന്നീട് വീണ്ടും കുറഞ്ഞ് 2025-26ൽ ഏകദേശം 12 ശതമാനമായി. അതായത്, നോട്ടുനിരോധനത്തിനു തൊട്ടുമുൻപുള്ള കാലത്തേക്കു തിരിച്ചുപോയി.
കറൻസി–ജിഡിപി അനുപാതം എന്നത് സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം എത്രയാണെന്നതിന്റെ സൂചകമാണ്. അനുപാതം കുറയുന്നത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതിന്റെ മാത്രം സൂചനയല്ല. കറൻസിയുടെ വളർച്ചയെക്കാൾ വേഗത്തിൽ സമ്പദ്വ്യവസ്ഥ വളരുന്നതും ഇതിനു കാരണമാകാം.
ഓൺലൈൻ കാലത്തും പണം കൈവിടാതെ
യുപിഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ദൈനംദിന പണമിടപാടുകൾ എളുപ്പമാക്കുമ്പോഴും ആളുകൾ പണം കൈവശം സൂക്ഷിക്കുന്ന പ്രവണത തുടരുകയാണ്. യുപിഐ ആരംഭിച്ച 2016ൽ 1.8 കോടി ഇടപാടുകളായിരുന്നു നടന്നിരുന്നത്. അത് 2026 ആയപ്പോഴേക്കും 242 ലക്ഷം കോടിയായി. ഏതാണ്ട് 13,600 ഇരട്ടി വളർച്ച.
ഇടപാടുകളുടെ മൂല്യം 7,000കോടിയിൽ നിന്ന് 314 ലക്ഷം കോടിയിലേക്ക് വളർന്നു. ഡിജിറ്റൽ ഇടപാടുകൾ ഇത്ര വളർന്നിട്ടും പൊതുജനങ്ങൾ ഇപ്പോഴും വലിയതോതിൽ നോട്ടുകളെ ആശ്രയിക്കുന്നത് അത് കൂടുതൽ സുരക്ഷിതമെന്നുള്ള വിശ്വാസത്തിലാണന്നാണ് ആർബിഐയുടെ പഠനം കണ്ടെത്തിയത്.
ലക്ഷ്യങ്ങൾ നടന്നോ?
കള്ളപ്പണത്തിൽ നിന്നും കള്ളനോട്ടിൽ നിന്നും രാജ്യത്തെ രക്ഷിക്കുക, ഭീകര പ്രവർത്തനത്തിന് പണമെത്തുന്നത് തടയുക, കൂടുതൽ പേരെ ആദായനികുതി പരിധിയിൽ കൊണ്ടുവരിക, നോട്ടുകളെ കുറച്ചുമാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങൾ."
_വാർത്ത കടപ്പാട് മനോരമ ഓൺലൈൻ_
Post a Comment