പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡുചെയ്തു. വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ തടത്തിൽ വീട്ടിൽ ഷിബിൻ (32) ആണ് മൂഴിയാർ പോലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
പോലീസ് പറയുന്നത്: മാതാവിന്റെ ഫോണിൽനിന്നു കുട്ടി ഇയാളെ വിളിക്കാറുണ്ടായിരുന്നു. ഇത് മനസ്സിലാക്കി മാതാവ് കാൾ റെക്കോഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തി. കുട്ടിയെ നിരീക്ഷിക്കുകയുംചെയ്തു. ഇതിനിടെ, ഷിബിൻ ചൊവ്വാഴ്ച വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ മകൾ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും പിേറ്റന്ന് രാവിലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു.
കമ്മലും വിറ്റു
കുട്ടിയെയുംകൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. സുഹൃത്തിൽനിന്ന് കടംവാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്. ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ ജൂവലറിയിൽ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശത്തെ തുടർന്ന് മൂഴിയാർ പോലീസ് ഇരുവർക്കുമായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ കണ്ടെത്താൻ സഹായകമായി.
പോലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ.കിരൺ, സി.പി.ഒ.മാരായ പി.കെ. ലാൽ, ബിനുലാൽ, ഷൈജു, ഷൈൻ, ഗിരീഷ്, അശ്വതി എന്നിവരും ഉണ്ടായിരുന്നു.
Post a Comment