Jan 1, 2024

കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.



കോഴിക്കോട്: കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.



കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.


നാലുപേർ ഒന്നിച്ചിറങ്ങി... മടക്കം ആദിലില്ലാതെ

കോഴിക്കോട് : രണ്ടുസ്കൂട്ടറുകളിലായി ഒന്നിച്ചാണ് അവര്‍നാലുപേരും കോഴിക്കോട് കടപ്പുറത്തേക്ക് പുതുവത്സരം ആഘോഷിക്കാനായി എത്തിയത്. മാനാഞ്ചിറയും കടപ്പുറത്തുമായുള്ള ആഘോഷങ്ങളും പ്രതീക്ഷകളുമായി അവര്‍ പുതുവര്‍ഷത്തെ വരവേറ്റു. ഏറെ സന്തോഷത്തോടെ ബാലുശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആഘോഷരാവ് കണ്ണീരില്‍ കുതിര്‍ന്നത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാനാണ് ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.10- ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താൻവേണ്ടി സ്കൂട്ടറില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്ബേ പോയ സ്കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്കൂട്ടര്‍ ഓടിച്ചുകയറ്റിയത്. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. ട്രാക്കില്‍ സ്കൂട്ടര്‍ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കി അപായമുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു. ട്രാക്കില്‍ കുട്ടികളെയും സ്കൂട്ടറും കണ്ട് നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും സ്കൂട്ടര്‍ മുന്നോട്ടെടുക്കാനാണ് ആദില്‍ ശ്രമിച്ചത്.

ഇതിനിടയില്‍ തീവണ്ടി ഏറെ അടുത്തായിപ്പോയി -തുരന്തോ എക്സപ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വെള്ളയില്‍ സ്റ്റേഷനുസമീപംവരെ തീവണ്ടി എൻജിനില്‍ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേര്‍പെട്ട നിലയിലായിരുന്നു.

അപകടത്തെത്തുടര്‍ന്ന് വെള്ളയില്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിൻ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യാത്രതിരിച്ചത്

നടക്കാവ് സ്റ്റേഷൻ എസ്.ഐ പവിത്രകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് എ.എസ്.ഐ. നന്ദഗോപാല്‍, ഹെഡ്കോണ്‍സ്റ്റബിള്‍ പി.ദേവദാസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only