Nov 7, 2025

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള  പന്നി ഫാമിൽ ആണ് കൂട്ടത്തോടെ  പന്നികൾ ചത്ത് ഒടുങ്ങിയത്. 20ലധികം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്. ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഈ രോഗം കാട്ടുപന്നികളിലും വളർത്തു പന്നികളിലും അതിവേഗം പടർന്നു പിടിക്കുമെങ്കിലും മനുഷ്യരിൽ ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികളിൽ 100% വരെ മരണ നിരക്ക് ഉയർത്തുന്ന ഗൗരവകരമായ രോഗമാണ്.

 ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്ടങ്ങൾ, രോഗം  ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയും രോഗം വ്യാപിക്കാം. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി യുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ മീറ്റിങ്ങിൽ കേന്ദ്രസർക്കാരിന്റെ ആഫ്രിക്കൻ പന്നിപ്പനി ആക്ഷൻ പ്ലാൻ പ്രകാരം അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കുകയും അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. കൂടാതെ ഈ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വില്പനകൾ അടച്ചിടേണ്ടതാണെന്നും നിശ്ചിതകാലയളവിലേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നിമാംസമോ കൊണ്ടുവരാൻ പാടുള്ളതല്ല. ഒരു കിലോമീറ്റർ ചുറ്റളവിന് പുറത്തുള്ള ഒമ്പത് കിലോമീറ്റർ ചുറ്റളവ് സ്ഥലം നിരീക്ഷണ  മേഖലയായി  പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ പന്നിമാംസ വില്പന അനുവദിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണ മേഖലയിൽ നിന്ന് പുറത്തേക്ക് പന്നികളെയോ പന്നി മാംസമോ കൊണ്ടുപോകാൻ പാടുള്ളതല്ല. കാട്ടുപന്നികളുമായി സമ്പർക്കം വരാൻ സാധ്യതയുള്ള സ്വകാര്യ പന്നി ഫാമുകൾ ഫെൻസിംഗ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ജില്ലയിൽ രോഗം ആദ്യമായി സ്ഥിരീകരിച്ചതിനാൽ മൃഗസംരക്ഷണ വകുപ്പും കോടഞ്ചേരി പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only