Oct 22, 2026

മൈസൂരു ദസറയുടെ രാജകീയ പ്രൗഢിയിൽ ഡി.കെ.ക്കൊപ്പം കേരള മുഖ്യമന്ത്രി വി.ഡി. സതീശനും


മൈസൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയുടെ രാജകീയ പ്രൗഢിയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം കേരള മുഖ്യമന്ത്രി വി.ഡി. സതീശനും. കൊട്ടാരമുറ്റത്ത് ജംബൂസവാരിക്ക് ഒരുങ്ങിനിന്ന കൊമ്പന്റെ ചുമലിൽ വഹിച്ച സ്വർണ അംബാരിയിൽ സർവാഭരണവിഭൂഷിതയായിനിന്ന ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ ഡി.കെ. ശിവകുമാറിനൊപ്പംനിന്ന് സതീശൻ പുഷ്പാർച്ചനനടത്തി.

നൂറ്റാണ്ടുകളുടെ രാജകീയപാരമ്പര്യം വഹിക്കുന്ന ദസറ ഘോഷയാത്രയ്ക്ക് ആരംഭംകുറിക്കുന്നതിൽ ചരിത്രത്തിലാദ്യമായി അങ്ങനെ കേരള മുഖ്യമന്ത്രിയുടെയും പങ്കാളിത്തമായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് പന്ത്രണ്ട് ആനകളുടെ അകമ്പടിയോടെ കൊട്ടാരനഗരിയിലെത്തിയ ലക്ഷങ്ങളെ ആവേശത്തിലാറാടിച്ച് ജംബൂസവാരി കൊട്ടാരത്തിന് പുറത്തേക്കു നീങ്ങി.

മൈസൂരു ദസറയിൽ അയൽസംസ്ഥാനങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇത്തവണ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ സർക്കാരിന്റെ അതിഥികളായി ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാരായ സതീശനും രേവന്ത് റെഡ്ഡിയും മാത്രമാണെത്തിയത്.

ഇരുവരെയും സർക്കാരിനുവേണ്ടി ശിവകുമാർ സ്വീകരിച്ചു. കൊട്ടാരമുറ്റത്ത് ഘോഷയാത്രയുടെ നിശ്ചലദൃശ്യങ്ങൾ കാണാൻ ഇരുവരും ശിവകുമാറിന്റെ ഇടത്തും വലത്തുമായി ഇരുന്നു. തുടർന്ന് ആനപ്പുറത്ത് ദേവിക്ക് പുഷ്പാർച്ചന നടത്താൻ കെട്ടിയുയർത്തിയ പീഠത്തിലേക്കും ഇരുവരെയും ആനയിച്ചു.

ദസറ ആഘോഷത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ ജംബൂ സവാരി ഘോഷയാത്ര ആരംഭിക്കുന്നത് ഇവിടെനിന്നും ദേവീവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തുന്നതോടെയാണ്. മൈസൂരു രാജാവും ലോക്സഭാംഗവുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ, മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ തുടങ്ങിയവരും പങ്കെടുത്തു. ദസറ ഘോഷയാത്രയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും നിശ്ചലദൃശ്യങ്ങൾ ഇടംപിടിച്ചതും ഇത്തവണ വേറിട്ടകാഴ്ചയായി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only