ചാത്തമംഗലം: ചെറുപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചെത്തുകടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. വെള്ളിമാടുകുന്ന് സ്വദേശിയായ മറ്റൊരു കുട്ടിക്കൊപ്പം ചെത്തുകടവ് മുല്ലശ്ശേരി ക്ഷേത്രത്തിന് സമീപത്തെ ചെറുപുഴയിലെ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.
കുട്ടികളുടെ ബഹളം കേട്ട് സമീപവാസികളായ മഹാരാഷ്ട്ര സ്വദേശികൾ ഓടിയെത്തി ഒരാളെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തി. എന്നാൽ സനു സിയാസിനെ കണ്ടെത്താനായില്ല.
തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും ചെയ്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് സനു സിയാസിനെ പുഴയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment