ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാൻ അതിനുള്ള കഴിവാണെന്ന് ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ്. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയി. ഡൽഹിയിലാണ് (238) ഏറ്റവും കൂടുതൽപ്പേർ. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. 241 പേർ രോഗമുക്തിനേടി.
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് റിപ്പോർട്ടുചെയ്യുന്നത്. ബുധനാഴ്ചമാത്രം 73 കേസുകളുണ്ടായി.
സായുധസേനാംഗങ്ങൾക്കും കരുതൽ വാക്സിൻ
സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. തുടങ്ങി കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കും ജനുവരി 10 മുതൽ മുൻകരുതൽ വാക്സിൻ നൽകും. ഇവർക്കുപുറമേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, അനുബന്ധരോഗങ്ങളുള്ള അറുപതുപിന്നിട്ടവർ എന്നിവർക്കും 10 മുതൽ വാക്സിൻ നൽകുന്നുണ്ട്. 15-18നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും.
Post a Comment