കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്നലെ രാത്രി കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം അർധരാത്രിയോടെ പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ എത്തിച്ചത്. തുടർന്ന് ജനൽ ചില്ല് തകർത്ത് ചില്ല് ഉപയോഗിച്ച് പെൺകുട്ടി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ചിൽഡ്രൻസ് ഹോമിലെ അധികൃതർ കാണുകയും പെൺകുട്ടിയെ ഉടൻ മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ചിൽഡ്രൻസ് ഹോമിലേക്ക് തന്നെ തിരികെ എത്തിച്ചു. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ചിൽഡ്രൻസ് ഹോമിലേക്കോ വീട്ടിലേക്കോ പോകേണ്ടെന്ന് പെൺകുട്ടികളിൽ ചിലർ നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
നിലവിൽ ചിൽഡ്രൻസ് ഹോമിൽ സി.ഡബ്ല്യു.സി അധികൃതർ അടിയന്തര യോഗം ചേരുകയാണ്. ചിൽഡ്രൻസ് ഹോമിൽ സിസിടിവിയോ, ചുറ്റുമതിലോ ഇല്ലാത്തത് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
അതിനിടെ, കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളിൽ ഒരു പെൺകുട്ടിയുടെ മാതാവ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. മകളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരേയും കണ്ടെത്തി.
Post a Comment