മുക്കം: നഗരസഭയിലെ പ്രധാന ജലസ്രോതസ്സായ അഗസ്ത്യൻമുഴിത്തോട് സമൂഹവിരുദ്ധർ പഴകിയ പെയിന്റ് ഒഴിച്ച് മലിനപ്പെടുത്തി.
മുക്കം അഗ്നിശമനസേനാനിലയത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന് ഉച്ചയോടുകൂടി വെളുത്തനിറം വന്നതോടെ സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. മാമ്പറ്റ ഭാഗത്തുനിന്ന് ഇരുവഴിഞ്ഞിപ്പുഴവരെ രണ്ടുകിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ വെളുത്തനിറത്തിലാണ് തോട് ഒരുമണിക്കൂറോളം ഒഴുകിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വിവരമറിഞ്ഞെത്തിയ നഗരസഭാസംഘം നടത്തിയ പരിശോധനയിലാണ് പഴകിയ പെയിന്റ് വൻതോതിൽ ഒഴുക്കിവിട്ടതാണ് വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. ഒട്ടേറെ കുടിവെള്ളപദ്ധതികളുള്ള ഇരുവഞ്ഞിപ്പുഴയിലേക്കാണ് ഈ മലിനജലം ഒഴുകിയെത്തുന്നതെന്നത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രണ്ടുമണിയോടുകൂടി തോട്ടിലെ ജലമെത്തി ഇരുവഞ്ഞിപ്പുഴ ഇരുനിറത്തിൽ ഒഴുകിത്തുടങ്ങി. പെയിന്റ് ഒഴുക്കിയ സ്ഥലം നഗരസഭാസംഘം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.
സമീപവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് മുക്കം പോലീസിൽ നഗരസഭാധികൃതർ പരാതി നൽകി. പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ഏറെ ദ്രോഹംചെയ്യുന്ന പ്രവൃത്തി ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് അറിയിച്ചു
Post a Comment