വിശാഖപട്ടണം: 850 കോടിയുടെ 2 ലക്ഷം കിലോ കഞ്ചാവ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് ആന്ധ്രപൊലീസ് 2 ലക്ഷം കിലോ കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പൊലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് സംസ്ഥാന പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഡ്രഗ്ഗ് ഡിസ്പോസിബിള്‍ സംഘത്തിന്റെയും സാന്നിധ്യത്തിലാണ് കഞ്ചാവ് തീവെച്ച് നശിപ്പിച്ചത്.
ഡി ജി പി ഗൗതം സവാങ് ഐ പി എസും ആന്ധ്രാ പൊലീസ്, എസ് ഇ ബി, എന്‍ സി ബി എന്നിവരും സംഘത്തില്‍ സംബന്ധിച്ചിരുന്നു. ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥര്‍ കൃത്യം നിര്‍വഹിച്ചത്. വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 562 പേര് ഉള്‍പ്പെടെ 1,363 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,500 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post a Comment