Feb 22, 2022

നടി കെ പി എസി ലളിത അന്തരിച്ചു


തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത (75) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മാതാപിതാക്കള്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യ വേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.

രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ‌ വിദ്യാഭ്യാസം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി.

പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ.

അതിനു ശേഷം സിനിമയിൽ സജീവമായി. 1978 ൽ ഭരതനെ വിവാഹം കഴിച്ചു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only