Feb 16, 2022

ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പൊലീസ്

കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ വെച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പൊലീസ്. മിഥുന്‍ കുറ്റംസമ്മതിച്ചതായി കണ്ണൂര്‍ എസിപി പി.പി.സദാനന്ദന്‍ പറഞ്ഞു. കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. മിഥുന്‍, ഗോകുല്‍, സനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഥുന്‍, ഗോകുല്‍, അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ബോംബ് നിര്‍മിച്ചത്. സനാദ് തോട്ടട പ്രദേശത്ത് തന്നെയുള്ള മിഥുന്റെ സുഹൃത്താണ്. വടിവാളുമായി സ്ഥലത്തെത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബോംബുണ്ടാക്കിയ സ്ഥലവും ബോംബുണ്ടാക്കാനുപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തിയതായും എസിപി അറിയിച്ചു. മിഥുന്റെ വീടിന്റെ പരിസരത്താണ് ബോംബുണ്ടാക്കിയത്. പരീക്ഷണം നടത്തിയത് മിഥുന്റെ വീടിന്റെ പരിസരത്താണ്. മരിച്ച ജിഷ്ണു ബോംബുമായി എത്തിയെന്നത് ശരിയല്ല. ബോംബ് നിര്‍മിച്ചിരുന്ന കാര്യവും ജിഷ്ണുവിന് അറിയില്ലായിരുന്നു. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു.
പൊലീസ് ചോദ്യം ചെയ്യലില്‍ ബോംബ് നിര്‍മിച്ചത് താനാണെന്ന് മിഥുന്‍ സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ് ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മിക്കാന്‍ സഹായിച്ചെന്നും മിഥുന്‍ മൊഴി നല്‍കി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുന്‍ എടക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഏച്ചൂര്‍ സ്വദേശി ഗോകുല്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്ണു. സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു. കേസില്‍ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only