Feb 22, 2022

മലയോര ഫാം ടൂറിസം ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി


കൂടരഞ്ഞി:കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജക മണ്ഡലം കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ടത്തിൽ മലയോര മേഖലയിലെ വൈവിധ്യമാർന്ന കാർഷിക വിളകളുടെ ഈറ്റില്ലമായതും വശ്യമായ ഭൂപ്രകൃതി കൊണ്ടും ഹൃദ്യമായ കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വിവിധ കൃഷിത്തോട്ടങ്ങൾ ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജാ ശശിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സന്ദർശിക്കുകയും കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ മുൽ കേരളത്തിന്റെ ജാതിഗ്രാമമായ പൂവാറൻതോട് വരെയുള്ള കുളിർമ്മയാർന്ന കാലാവസ്ഥ ഒരിക്കൽ സന്ദർശിച്ചവരെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നതായിരുന്നു  നാടനും മറുനാടനുമായ വിവിധയിനം പഴവർഗ്ഗങ്ങൾ ഏലം ഗ്രാമ്പു ജാതി കുരുമുളക് തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങൾ കൊക്കോ കാപ്പി തുടങ്ങി വൈവിധ്യമാർന്ന കാർഷിക വിളകൾ കൊണ്ട് സമ്പന്നമായ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സന്ദർശകരിൽ കൗതുക മുണ്ടാക്കി.

കണ്ണെത്താ ദൂരത്തോളം വെൺമയാർന്ന പൂക്കൾ കൊണ്ടലങ്കരിച്ച കാപ്പിത്തോട്ടങ്ങൾ സന്ദർശകരുടെ മനം കവർന്നു. ജൈവ കൃഷിക്ക് മുൻതൂക്കം നൽകിയുള്ള
കൂടരഞ്ഞിയുടെ കാർഷികത്തനിമയും വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും അവരെ കൃഷിയിടത്തിലേക്ക് ആകർഷിക്കാനും അതുവഴി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നേടിയെടുക്കാനും കഴിയുമെന്ന് സംഘം വിലയിരുത്തി.

സംഘത്തിൽ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി,വി.പി ജമീല,കോടഞ്ചേരി ഡിവിഷൻ മെമ്പർ ബോസ് ജേക്കബ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ശ്രീ ജോസ് തോമസ്,  വൈസ് പ്രസിഡണ്ട് ശ്രീമതി മേരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ശ്രീമതി ജെറീന റോയ്, റോസിലി ജോസ്, വിഎസ് രവീന്ദ്രൻ ആദർശ് ജോസഫ്, സീന ബിജു, ബാബു മൂട്ടോളി, ബിന്ദു ജയൻ,  എൽസമ്മ ജോർജ്,കൂടരഞ്ഞി പ്രദേശത്തെ കർഷകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ജന പ്രതിനിധികൾക്കു പുറമെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട്ട് ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രകാശ് കൂടരഞ്ഞി കൃഷി ഓഫീസർ പി.എം. മുഹമ്മദ് കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ്  ആത്മ ബി ടി എം സെബിൻ പൗലോസ് എന്നിവർ സംഘത്തെ അനുഗമിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only