തെന്മല: മാലപൊട്ടിക്കൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷനിൽ ഒപ്പിടാൻ പോയിവരുമ്പോൾ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഇയാളെ പോലീസും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി. അണ്ടൂർപച്ച ചരുവിള പുത്തൻവീട്ടിൽ ജമാലുദീനാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ഇടമൺ ഉദയഗിരിയിലാണ് സംഭവം.
ഉദയഗിരി സ്വദേശിയായ ഉഷ ഇടമണിൽ പോയശേഷം വീട്ടിലേക്കുപോകുന്നതിനിടെ പിന്നിലൂടെയെത്തിയ ജമാലുദ്ദീൻ രണ്ടുപവനോളം തൂക്കമുള്ള മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഉഷ ബഹളംവയ്ക്കുകയും മകളുടെ സഹായത്തോടെ പ്രദേശവാസിയായ സനിൽ സോമരാജൻ, ബിജേഷ് എന്നിവരെ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും സമീപത്തെ റബ്ബർതോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് ജമാലുദീൻ പിടിയിലായത്.
പിടികൂടിയസമയത്ത് ഇയാളുടെ കൈവശം മാലയുടെ കുറച്ചുഭാഗമുണ്ടായിരുന്നു. പിന്നീട് പോലീസ് മാലയുടെ ബാക്കിഭാഗം കണ്ടെടുത്തു. ഉദയഗിരി റോഡിൽ വിജനമായ ഭാഗത്തുവെച്ചായിരുന്നു മാലപൊട്ടിക്കൽ. കഴിഞ്ഞമാസം വാളക്കോട് സ്വദേശിനിയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുനലൂർ സ്റ്റേഷനിൽ ഒപ്പിടാൻ പോയിവന്നപ്പോഴാണ് ഉദയഗിരിയിൽ മാല പൊട്ടിക്കൽ നടത്തിയത്.
തെന്മല സ്റ്റേഷൻ ഓഫീസർ വിനോദ്, എസ്.ഐ. ഹരികുമാർ, സി.പി.ഒ.മാരായ അനൂപ്, കൃഷ്ണകുമാർ, വിഷ്ണു, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
Post a Comment