ഗാഡ്ഗിൽ, കസ്തൂരി രംഗൻ വിഷയങ്ങളിൽ കേരളത്തിലെ കർഷകർക്കൊപ്പം നിന്നത് തെറ്റായി പോയി എന്നും, അതിൽ പശ്ചാത്തപിക്കുന്നു എന്നും പറഞ്ഞ, കെപിസിസി പ്രസിഡൻറ് കെ.സുധാകരന്റെ കർഷക-ജന വിരുദ്ധ പ്രസ്താവനക്കെതിരെ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ശക്തമായി പ്രതിഷേധിക്കുന്നു.
വസ്തുതകൾ പഠിക്കാതെ അന്ധൻ ആനയെ കണ്ടതുപോലെയുള്ള ശ്രീ കെ സുധാകരന്റെ പ്രതികരണം തികച്ചും അനവസരത്തിൽ ഉള്ളതും ജനദ്രോഹ പരവുമാണ്. കപട പരിസ്ഥിതി തീവ്രവാദികളുടെയും പരിസ്ഥിതിപഠനത്തിന്റെയും മറവിൽ കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടാക്കിയ കപട പരിസ്ഥിതി ഗവേഷകരുടെയും
ദല്ലാളന്മാരായി രാഷ്ട്രീയക്കാർ അധഃപതിക്കുന്നത് സാധാരണക്കാരോടുള്ള ക്രൂരതയാണ്.1986 ലെ EIA നിയമവും 1990 കളിലെ ഗാട്ടു കരാറും ആസിയാൻ കരാരും തെറ്റായ ഇറക്കുമതി നയങ്ങളും മനുഷ്യജീവനെ മാനിക്കാത്ത പ്രകൃതി സ്നേഹവും വന്യജീവി നിയമങ്ങളും ESZ, ESA, EFL പ്രഖ്യാപനങ്ങളും, വന്യജീവി സങ്കേതങ്ങളുടെ മറവിലുള്ള കർഷക ദ്രോഹനയങ്ങളും, പേ വാക്സിൻ കമ്പനികളുടെ ഏജന്റ് മാരായ നിന്നുകൊണ്ട് മറ്റു വളർത്തുന്നമൃഗങ്ങളോട് ഒന്നും കാണിക്കാത്ത തെരുവുനായ യോടുള്ള അമിത സ്നേഹവും വാത്സല്യവും, കാട്ടിൽ മൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണനപോലും അവനവന്റെ കൃഷിയിടത്തിലും വീടുകളിലും മനുഷ്യനു നൽകാത്ത നിയമനിർമാണങ്ങളും കെപിസിസി പ്രസിഡണ്ട് കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തിലെ ക്വാറി മാഫിയകളെയും വൻകിട പരിസ്ഥിതി ചൂഷകരെ യും സംരക്ഷിക്കുവാൻ കേവലം 123 വില്ലേജുകളിലെ 30 ലക്ഷം പാവപ്പെട്ട സാധാരണ ജനങ്ങളെ ബലി കൊടുത്തുകൊണ്ട് നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിന് ഓശാന പാടുന്ന മൂന്നാംകിട രാഷ്ട്രീയ പാപ്പരത്തം അദ്ദേഹം അവസാനിപ്പിച്ചേ മതിയാകൂ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുവാൻ സാധിക്കാത്തവർ സമൂഹത്തിൽ ശബ്ധി ക്കാതിരിക്കുകയാണ് നല്ലത്. മുപ്പത് വെള്ളി കാശിന് വേണ്ടി മലയോരമേഖലകളിൽ അടക്കമുള്ള സ്വന്തം അണികളെ ഒറ്റുകൊടുക്കുന്ന ഇത്തരം പ്രസ്താവനകൾ അദ്ദേഹം പിൻവലിച്ച് മാപ്പ് പറയണം. വന്യജീവി സങ്കേത പ്രഖ്യാപനങ്ങളുടെ കരട് വിജ്ഞാപനം മലയാളീകരിച്ച ജനങ്ങൾക്ക് നൽകണമെന്ന് കോടതി വിധി പോലും കാറ്റിൽപ്പറത്തിക്കൊണ്ട് വനംവകുപ്പ് കാർ ജനങ്ങളെ ഉപദ്രവിക്കുമ്പോൾ ഇദ്ദേഹം എവിടെയായിരുന്നു.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നുവന്ന ജനകീയസമരങ്ങളെ തമസ്കരിച്ച് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ മറവിൽ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ മുഴുവനും റിസർവ്വ് വനം ആക്കി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഉമ്മൻ കമ്മിറ്റിയെ തുടർന്നുള്ള റിപ്പോർട്ടുകളുടെ വഞ്ചന വിളിച്ചു പറയാൻ എന്താണ് ഇദ്ദേഹത്തിന് ശബ്ദമില്ലാത്തത്. ആദിവാസികൾ അടക്കമുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി ഒരു രൂപ പോലും നഷ്ടം നൽകാതെ EFLന്റെ മറവിൽ ഭൂമി പിടിച്ചെടുത്തപ്പോൾ സുധാകരൻ എവിടെയായിരുന്നു. കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യജീവികൾ ചവിട്ടിയരച്ച ജീവിതങ്ങളും കൃഷിയും നഷ്ടപ്പെട്ടു വിലപിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദീന രോദനം കേൾക്കാൻ എന്താണ് സുധാകരന്റെ ചെവി തുറക്കാത്തത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളും പഠന വകുപ്പുകളും ശക്തമായ വിയോജിപ്പുകൾ അറിയിച്ചിട്ടും പരിസ്ഥിതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഗാഡ്ഗിൽ-കസ്തൂരിരംഗൻ അടക്കമുള്ള പരിസ്ഥിതി നിയമങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കുവാൻ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ബുദ്ധി വികസിക്കാത്തത്. ആഗോളതാപനവും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ലോകത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന വരൾച്ചയും അതിവർഷവും കാലവർഷക്കെടുതി കളും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും കേരളത്തിലെ കർഷകരുടെ തലയിൽ കെട്ടിവെച്ച് സുഖ ജീവിതത്തിന്റെ വക്താക്കളെ സംരക്ഷിക്കാനുള്ള കെപിസിസി പ്രസിഡണ്ടിന്റെ വ്യഗ്രതയുടെ പിന്നാമ്പുറങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതാണ്. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച പിടി തോമസിന്റെ ചുവടുമാറ്റത്തിന്റെ പിന്നാമ്പുറങ്ങളും ഒരു സുപ്രഭാതത്തിൽ പരിസ്ഥിതിയുടെ മിശിഹായായി പ്രത്യക്ഷപ്പെട്ടതിന്റെ രഹസ്യ അജണ്ടകളും എന്തുകൊണ്ടാണ് സുധാകരൻ അന്വേഷിക്കാത്തത്. കാലാകാലങ്ങളിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരായ ജനങ്ങളോട് ചെയ്ത ഈ വഞ്ചന അവസാനിപ്പിക്കുവാൻ പിന്നിലെ പൊള്ളത്തരങ്ങൾ വിളിച്ചു പറയുവാൻ ആർജ്ജവം കാണിക്കുകയാണ് കെപിസിസി പ്രസിഡന്റ് ഇപ്പോൾ ചെയ്യേണ്ടത്. വോട്ടും നോട്ടും ലക്ഷ്യമാക്കിയുള്ള പരിസ്ഥിതി സദാചാരഗുണ്ടായിസം അദ്ദേഹം അവസാനിപ്പിക്കണം എന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ,ഡയറക്ടർ ഫാദർ ജോർജ് വെള്ളക്കകുടി, സെക്രട്ടറി അനീഷ് വടക്കേൽ, തോമസ് മുണ്ടപ്ലാക്കൽ, ബേബി പെരുമാലിൽ, ട്രീസ ഞരളക്കാട്ട്, ഷാജി കണ്ടത്തിൽ, എന്നിവർ സംസാരിച്ചു.
Post a Comment