Mar 29, 2022

മലയാളി താരം സഹലിന് യൂറോപ്പിലേക്ക് ക്ഷണം


കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരമൊരുങ്ങുന്നു. ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ബ്ലാക്ബേണ്‍ റോവേഴ്സ് താരത്തെ നാലാഴ്ചത്തെ ട്രയലിനായി വിളിച്ചതായി എഐഎഫ്എഫുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നേരത്തെ സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ പ്രമുഖ ഫുട്ബോള്‍ ഏജന്റായ ബല്‍ജിത് റിഹാല്‍ കമന്റ് ചെയതതും അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

കറുത്ത ടീ ഷര്‍ട്ടും പാന്റും ധരിച്ച് വിജയ ചിഹ്നം കാണിച്ചു നില്‍ക്കുന്ന ചിത്രത്തിന് താഴെ, ഇനി നിങ്ങള്‍ക്ക് ലണ്ടനിലേക്ക് വരാം എന്നായിരുന്നു ബല്‍ജിതിന്റെ പോസ്റ്റ്. ആഗോള സ്പോട്സ് കണ്‍സല്‍ട്ടന്റായ ഇന്‍വന്റീവ് സ്പോട്സിന്റെ സിഇഒ കൂടിയാണ് ഇദ്ദേഹം. സഹല്‍, നെയിയുസ് വാല്‍സ്‌കിസ്, ജോബി ജസ്റ്റന്‍, ഇയാന്‍ ഹ്യൂം, കോച്ച് സ്റ്റീവ് കോപ്പല്‍, രാഹുല്‍ കെപി തുടങ്ങിയവര്‍ കമ്പനിയുടെ ക്ലൈന്റുകളാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ മികച്ച കളിയാണ് സഹല്‍ പുറത്തെടുത്തിരുന്നത്. 21 കളികളില്‍നിന്ന് ആറു ഗോളുകള്‍ നേടിയ താരം ഒരു അസിസ്റ്റും നല്‍കി. 2017-18 സീസണിലാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ സീസണില്‍ ടൂര്‍ണമെന്റിലെ എമര്‍ജിങ് പ്ലേയറായി. കഴിഞ്ഞ സീസണില്‍ പരിക്കു മൂലം താരത്തിന് അവസാന രണ്ടു കളികള്‍ നഷ്ടമായിരുന്നു. 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരത്തിന് പതിവു പോലെ മറ്റു ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും ഓഫറുകളുണ്ട്.

ബംഗളൂരു എഫ്സിയുടെ യുവ പ്രതിരോധ താരം റോഷന്‍ സിങ് നയോറത്തിനും യൂറോപ്പിലേക്ക് ക്ഷണമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഐഎസ്എല്ലിന്റെ ഈ സീസണിലെ എമര്‍ജിങ് പ്ലേയറാണ് റോഷന്‍. താരത്തെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജംഷഡ്പൂര്‍ എഫ്സി സ്ട്രൈക്കര്‍ അനികേത് ജാദവ് നേരത്തെ ബ്ലാക്ബേണ്‍ റോവേഴ്സില്‍ ട്രയലിനെത്തിയിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയാല്‍ ക്ലബ്ബിനായി പന്തു തട്ടാന്‍ താരങ്ങള്‍ക്ക് അവസരമൊരുങ്ങും.

ഇന്ത്യന്‍ പൗള്‍ട്രി ഭീമനായ വെങ്കീസിന്റെ (വെങ്കിടേശ്വര ഹാച്ചറീസ് ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ലങ്കന്‍ഷെയര്‍ ആസ്ഥാനമായ ബ്ലാക്ബേണ്‍ റോവേഴ്സ് ക്ലബ്. 2010ലാണ് വെങ്കീസ് ബ്ലാക്ബേണിനെ 23 ദശലക്ഷം പൗണ്ട് മുടക്കി ഏറ്റെടുത്തത്. ക്ലബിന്റെ 20 ദശലക്ഷം പൗണ്ട് കടവും വെങ്കീസ് ഏറ്റെടുത്തിരുന്നു.
ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് സംവിധാനത്തിലെ രണ്ടാം ഡിവിഷനായ ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പിലാണ് നിലവില്‍ ബ്ലാക്ബേണ്‍ കളിക്കുന്നത്. 1995ലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാണ്. എന്നാല്‍ 1998-99 സീസണില്‍ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്തപ്പെട്ടു. 2000-01 സീസണില്‍ വീണ്ടും ഒന്നാം ഡിവിഷനിലെത്തിയെങ്കിലും 2011-12ല്‍ വീണ്ടും താഴോട്ടിറങ്ങി. പിന്നീട് ഒന്നാം ഡിവിഷനിലെത്താനായിട്ടില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only