Mar 17, 2022

സംസ്ഥാനം മുഴുവൻ ക്യാമറ വലയത്തിൽ; ഗതാഗത നിയമം ലംഘിച്ചാല്‍ പിടിവീഴും


തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ച് തുടങ്ങും. 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പിന് കെൽട്രോൺ നൽകിയത്. സ്ഥാപിക്കലും അഞ്ചു വർഷത്തെ പരിപാലനവും അവർക്ക് തന്നെയാണ്.


*നിർമിതബുദ്ധി ക്യാമറകൾ*

ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ യാത്ര ചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ. മുന്നിലെ രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. അതേ പോലെ ഹെൽമെറ്റും.

*റഡാർ ക്യാമറകൾ*

അതി വേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും. സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്‌ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്.

മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽ പോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർ വാഹന വകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.

*പ്രവർത്തനം സൗരോർജത്തിൽ*

വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗത നിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only