താമരശ്ശേരി: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ വാഹനം കണ്ടെത്തി മോഷ്ടാവിനെ പിടികൂടാൻ കാരണമായത് ആർ.ടി.ഒ അധികൃതരുടെ വാഹന പരിശോധനയും നിയമലംഘനത്തിന് പിഴയീടാക്കിയതും. പരിവാഹൻ ഡേറ്റ ബേസിൽ വാഹനമുടമ നിലവിലെ മൊബൈൽ നമ്പർ അപ് ലോഡ് ചെയ്തതിനാലാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തന്ത്രപരമായ നീക്കത്തിനൊടുവിൽ മോഷ്ടാവിനെ പിടികൂടാനായത്.
ഫെബ്രുവരി 24ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശപ്രകാരം എം.വി.ഐ സുധിൻ ഗോപി, എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, ടി.എ. സുമേഷ് എന്നിവർ ലക്കിടിയിൽ വാഹന പരിശോധന നടത്തിയിരുന്നു.
ഈ സമയം അതുവഴി വന്ന KL-11AT 5290 സുസുക്കി അക്സസ് ഇരുചക്രവാഹന ഉദ്യോഗസ്ഥർ പരിശോധിക്കുകയും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപ ചുമത്തുകയും ചെയ്തു. പരിവാഹൻ ഡേറ്റ ബേസിൽ വാഹനമുടമ മൊബൈൽ നമ്പർ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ആർ.ടി.ഒ പരിശോധന റിപ്പോർട്ട് വാഹന ഉടമയ്ക്കും വാഹനമോടിച്ചയാൾക്കും മെസേജായി ലഭിക്കും. വാഹന ഉടമയ്ക്ക് മൊബൈലിൽ മെസേജ് ലഭിച്ചപ്പോൾ തന്റെ മോഷണംപോയ വാഹനത്തിന് വയനാട്ടിലെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പിഴ ചുമത്തിയതായി മനസ്സിലാവുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ, എ.എം.വി.ഐ ഗോപീകൃഷ്ണനെ ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു.
Post a Comment