Apr 29, 2022

പിതാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു


ഇടുക്കി പുറ്റടിയില്‍ പിതാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയ ശേഷം ഗൃഹനാഥനും ജീവനൊടുക്കിയത്. വീടിന് രവീന്ദ്രന്‍ തീയിട്ടപ്പോഴാണ് മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്.

പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ (50) ഭാര്യ ഉഷ (45) എന്നിവരാണ് നേരത്തെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലാണ് മൂന്നംഗ കുടുംബം താമസിച്ചിരുന്നത്. കിടപ്പുമുറി കര്‍ട്ടനുപയോഗിച്ച്‌ തിരിച്ച്‌ ഒരു വശത്ത് ദമ്പതികളും മറുവശത്ത് ശ്രീധന്യയുമായിരുന്നു കിടന്നിരുന്നത്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് വീടാകെ തീപടര്‍ന്നു. പൊള്ളലേറ്റ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്.

നാട്ടുകാര്‍ എത്തുമ്പോഴേക്കും ദേഹത്ത് തീപടര്‍ന്ന ശ്രീധന്യ വീട്ടുമുറ്റത്ത് വീണുകിടക്കുകയായിരുന്നു. തീ അണയ്ക്കാന്‍ അയല്‍വാസികള്‍ മുറിയില്‍ കയറിയെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. തീ പടര്‍ന്നപ്പോഴുണ്ടായ തകര്‍ന്ന മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ദമ്പതികളുടെ ദേഹത്ത് വീണ നിലയിലായിരുന്നു.

അതിനിടെ നാട്ടുകാര്‍ ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ചു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only