തലയാട് പുല്ലുമലയിൽ കടുവയുടെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്ക നിറക്കുന്നു. പനങ്ങാട് - കട്ടിപ്പാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെമ്പുങ്കര പുല്ലുമല ഭാഗത്താണ് പ്രദേശവാസിയായ പെരിഞ്ചല്ലൂർ ജോസിൻ പി. ജോൺ കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി പറഞ്ഞത്.
റബർ തോട്ടത്തിലെ പയർ വള്ളികൾക്കിടയിലാണ് കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആർ.ആർ.ടി സംഘത്തോടൊപ്പം റബർ തോട്ടത്തിൽ പരിശോധന നടത്തിയതിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തുകയുണ്ടായി. 16 സെന്റീമീറ്റർ വലുപ്പത്തിലുള്ള കാൽപാടുകൾ കടുവയുടേതാണെന്നാണ് സംഘത്തോടൊപ്പമെത്തിയ വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ വ്യക്തമാക്കിയത്.
വനപാലക സംഘം റബർ തോട്ടത്തിൽ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പുല്ലുമല ഭാഗത്ത് എഴുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പനങ്ങാട് - കട്ടിപ്പാറ പഞ്ചായത്തുകളെ വേർതിരിക്കുന്ന പൂനൂർ പുഴയുടെ ഒരു ഭാഗത്ത് ചെമ്പുകരയും അക്കര ഭാഗം ഏലക്കാനം, ചുരത്തോട്, കക്കയം വനമേഖലയുമാണ്.
കക്കയം വനത്തിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ ഡാം സൈറ്റിലെ വാൽവ് ഹൗസ് ജീവനക്കാർ പറഞ്ഞിരുന്നു. വളർത്തു മൃഗങ്ങളെയൊന്നും ഇതുവരെ കാണാതായിട്ടില്ല. രണ്ടു ദിവസം മുമ്പ് രാത്രിയിൽ കേഴമാനിന്റെ നിലവിളി കേട്ടതായും നാട്ടുകാർ പറയുന്നു. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം വനത്തിൽ ആനയും കാട്ടുപോത്തും മാനും മ്ലാവും യഥേഷ്ടം വിഹരിക്കുന്നുണ്ട്.
വന്യമൃഗശല്യവും വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വർധിച്ചിട്ടുണ്ട്. കുരങ്ങ്, കാട്ടുപന്നി എന്നിവ കർഷകർക്ക് വരുത്തുന്ന നാശനഷ്ടങ്ങൾ ഏറെയാണ്. കടുവയുടെ സാന്നിധ്യവും അറിഞ്ഞതോടെ കർഷകരും വന പ്രാന്തപ്രദേശത്തെ കുടുംബങ്ങളും ഭീതിയിലായിരിക്കയാണ്
Post a Comment