മുക്കം: മലയോരമേഖലയുടെ കായികസ്വപ്നങ്ങൾക്ക് കരുത്താകുമെന്ന് പ്രത്യാശിച്ച വെസ്റ്റ് മാമ്പറ്റ മിനിസ്റ്റേഡിയം നവീകരണം ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ശിലാഫലകം സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയുമിതുവരെയില്ല. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനിസ്റ്റേഡിയം ആറുകോടി പതിനൊന്നുലക്ഷം രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കാനായിരുന്നു പദ്ധതി. 2021 ഫെബ്രുവരിയിൽ കായികമന്ത്രി ഇ.പി. ജയരാജൻ നിർമാണോദ്ഘാടനം നിർവഹിച്ചു.
ഉരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമാണച്ചുമതല നൽകാനായിരുന്നു തീരുമാനം. ഇതിനായി ടെൻഡർ ആക്സപ്റ്റൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പെത്തിയതോടെ തുടർനടപടികൾ നിലച്ചു. ഓരോ പഞ്ചായത്തിലും കളിസ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് ലക്ഷ്യമിട്ടത്.
പുല്ലൂരാംപാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-’17 ബജറ്റിൽ തുക വകയിരുത്തിയിരുന്നു. എന്നാൽ, സ്ഥലലഭ്യത പ്രശ്നമായതോടെ ഇത് തിരുവമ്പാടിയിലേക്ക് മാറ്റി. മഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയം വെള്ളത്തിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് മാമ്പറ്റ സ്റ്റേഡിയം നവീകരിക്കാമെന്ന് തീരുമാനിച്ചത്.
കടപ്പാട് : മാതൃഭൂമി.
Post a Comment