Apr 23, 2022

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്തു; അധ്യാപിക അറസ്റ്റിൽ


തലശ്ശേരി: കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്.

പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പൊലീസിൽനിന്നുള്ള വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീട്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാർ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്.

പ്രതിയുമായുള്ള യുവതിയുടെ പങ്കും അന്വേഷണത്തിന്

തലശ്ശേരി: നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ രേഷ്‌മ വീട്‌ നൽകിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടെന്ന് പൊലീസ്. ഒളിച്ചുതാമസിക്കാൻ ഒരിടംവേണമെന്നുപറഞ്ഞ്‌ വിഷുവിന്‌ ശേഷമാണ്‌ പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌.

17 മുതൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌.

ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും.
മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഗൾഫിൽ ജോലിചെയ്യുന്ന അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം. രണ്ടുവർഷം മുമ്പ്‌ കുടുംബം നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌. പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌.

കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിപ്പിച്ചുതാമസിപ്പിച്ചത്‌ ഐ.പി.സി 212 വകുപ്പ്‌ പ്രകാരം അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only