May 15, 2022

മഴ മുന്നറിയിപ്പ്: എല്ലായിടത്തും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കണമെന്ന് ഡിജിപി


മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലായിടത്തും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കാനും ഡിജിപി നിര്‍ദേശം നല്‍കി.


അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെസിബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കി വെയ്ക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും.

മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസം വിനാ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വാര്‍ത്താവിനിമയബന്ധം തടസപ്പെടാതിരിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ്പി നടപടിയെടുക്കും. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫിസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി കെ.പത്മകുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറായി ക്രമസമാധാനവിഭാഗം
എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

 👉വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും ശ്രദ്ധയ്ക്ക്

വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കി, പരമാവധി താമസ സ്ഥലത്തു തുടരണം. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളി‍ല്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ അനുവദിക്കില്ല. ശബരിമലയിലേക്കുള്ള തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. മാസപൂജയ്ക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ദർശനത്തിന് എത്തണം.
രാത്രി യാത്രകളും ജലശ‍യങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളി‍ലേക്കു മാറാൻ തയാറാകണം.

 👉1077ൽ വിളിക്കണം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ, ഇതു ശ്രദ്ധയിൽപ്പെട്ടാ‍ലുടൻ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം. അതിരാവിലെ ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നി‍ല്ലെന്ന് ഉറപ്പാക്കണം.…

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only