ചെന്നൈ: പത്ത് ലക്ഷം രൂപയുടെ മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടിലെ മധുരൈയിൽ വാരാഗനൂർ പ്രദേശത്താണ് സംഭവമുണ്ടായത്. കേരളത്തിൽ നിന്നും പോയ ലോഡാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
തൃശൂരിലെ മണലൂരിന് സമീപമുള്ള വെയർഹൗസിൽ നിന്നാണ് മദ്യകുപ്പികൾ കൊണ്ടുവന്നത്. എന്നാൽ അപകടമുണ്ടായതിന് തൊട്ടുപിന്നാലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന യാത്രക്കാരും പ്രദേശവാസികളും ഓടിക്കൂടുകയും ഉടയാത്ത മദ്യകുപ്പികൾ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. സംഭവസ്ഥലത്ത് വൻ കോലാഹലം സൃഷ്ടിച്ചാണ് ജനങ്ങൾ മദ്യകുപ്പികൾ മോഷ്ടിച്ചതെന്ന് ആക്ഷേപമുണ്ട്.
റോഡിൽ ലോറി മറിഞ്ഞതിനാലും മദ്യകുപ്പികൾ നിരന്ന് കിടന്നിരുന്നതിനാലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 20ന് സമാനരീതിയിൽ അപകടം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ബർവാനിയിലുള്ള പാലത്തിൽ മദ്യകുപ്പികളുമായി എത്തിയ വാഹനം കാറുമായി ഇടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനോടൊപ്പം ചിതറിക്കിടക്കുന്ന ബിയർ ബോട്ടിലുകൾ കൈവശപ്പെടുത്താനുള്ള തത്രപാടിലായിരുന്നു ജനങ്ങൾ. പിന്നീട് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഉടഞ്ഞ കുപ്പികൾ അല്ലാതെ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല.
Post a Comment