മുക്കം കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 15ന് നടക്കും.മുക്കുപണ്ട പണയ തട്ടിപ്പിൽ അറസ്റ്റിലായ വൈസ് പ്രസിഡണ്ട് ബാബു പൊലുക്കുന്നത്ത് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് വിവരം അംഗങ്ങളെ ഔദ്യോഗികമായി ഇന്നലെ അറിയിച്ചു.
അതേസമയം ബംഗളൂരുവിൽ പിടിയിലായ ബാബു പൊലംക്കുന്നത്തിന് കോടതി ജാമ്യം അനുവദിച്ചു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, മാട്ടു മുറി സ്വദേശി സന്തോഷ് കുമാർ, സന്തോഷ് കുമാറിൻ്റെ ഭാര്യ ഷൈനി എന്നിവരാണ് മറ്റ് പ്രതികൾ.
യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിനായിരുന്നു ആദ്യത്തെ രണ്ടരവർഷം വൈസ് പ്രസിഡണ്ട് സ്ഥാനം. ഇതിൽ കോൺഗ്രസ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒന്നേകാൽ വർഷം വീതം വീതിച്ചിരുന്നു. ആദ്യത്തെ ഒന്നേകാൽ വർഷം കരിം പഴങ്കൽ ആയിരുന്നു വൈസ് പ്രസിഡണ്ട്.
കരീം രാജിവെച്ച ഒഴിവിലാണ് ബാബു പൊലുകുന്നത്ത് വൈസ് പ്രസിഡണ്ടായത്.
കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്ന് മുക്കുപണ്ടം പണയംവച്ച് 3.5 ലക്ഷത്തോളം തട്ടിയതായുള്ള പരാതിയിലാണ് നാലംഗസംഘം പിടിയിലാകുന്നത്. തുടർന്നായിരുന്നു ബാബു പൊലുകുന്നത്തിൻ്റെ രാജി. പുതിയ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ കുറിച്ച് കോൺഗ്രസിൽ പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബുവിന് രണ്ടര വർഷം കഴിഞ്ഞ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്താൻ സാധ്യത കുറവാണ്. മാട്ടുമുറി വാർഡിൽ നിന്നുള്ള ശിഹാബ് മാട്ടുമുറിയെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.അതേസമയം മുക്കുപണ്ടം പണയ കേസിൽ റിമാൻഡിൽ കഴിയുന്ന വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ് കുമാർ എന്നിവർ ജാമ്യത്തിലിറങ്ങിയില്ല. ഷൈനിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Post a Comment