മലയാളിക്ക് കപ്പ ഒരു വികാരമാണ്. ആഹാരപ്രിയരായ മലയാളികളിൽ കപ്പയും മീൻ കറിയും കഴിക്കാത്തവരുണ്ടാകില്ല. അത്രത്തോളം പ്രിയങ്കരമാണ് നമുക്ക് കപ്പ. നല്ല മീൻകറിയോ, കാന്താരി ചതച്ചു ചേർത്ത ചമ്മന്തികൂട്ടി കപ്പ കഴിക്കാമെന്ന് വെച്ചാൽ അത്യാവശ്യം വില കൊടുക്കേണ്ടിവരും ഇപ്പോൾ. 50 രൂപക്ക് അടുത്താണ് കപ്പയ്ക്ക് ഇപ്പോൾ വില. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതൽ 27 രൂപ വരെയാണു വില കൂടിയത്. കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്നാണ് കപ്പ വില കർഷകർക്ക് വലിയ പ്രതീക്ഷ നൽകി മുകളിലേക്ക് കുതിക്കുന്നത്. അതേസമയം, ഫ്രഷ് കേരള ടപ്പിയോക്ക എന്നു ആമസോൺ തിരഞ്ഞാൽ വില രണ്ട് കിലോഗ്രാമിനു 500 രൂപയാണ്.
ഗ്രാമീണ മേഖലയിൽ കിലോഗ്രാമിനു 35 മുതൽ 40 രൂപ വരെയാണ് കപ്പക്ക് വില. അതേസമയം, നഗരപ്രദേശങ്ങളിൽ 45 രൂപക്ക് മുകളിലേക്കാണ് വില. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഇപ്പോൾ വലിയ മേന്മയില്ലാത്ത കപ്പക്ക് പോലും 40 രൂപ വരെ നൽകണം. രണ്ട് മാസം മുമ്പ് വരെ വലിയ വിലത്തകർച്ചയിൽ കർഷകർ നട്ടം തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്ത ഈ വർദ്ധന. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അതോടെ കപ്പ കർഷകർ പലരും ദുരിതത്തിലായി. വില ഇടിഞ്ഞതിനാൽ പലരും വിളവ് പോലും എടുത്തില്ല. വിളവെടുക്കുന്ന തുക പോലും ആദായമായി ലഭിക്കാത്തതായിരുന്നു കാരണം.
എന്നാലിപ്പോൾ നല്ല വില ലഭിച്ചു തുടങ്ങിയതോടെ കർഷകരും സന്തോഷത്തിലാണ്. മുന്തിയ ഇനം കപ്പക്ക് നല്ല വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം വില വല്ലാതെ കുറഞ്ഞതോടെ പലരും കപ്പ കൃഷി ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടൊപ്പം പ്രതികൂല കാലാവസ്ഥയും ചതിച്ചതോടെ വിപണിയിലേക്ക് ആവശ്യത്തിന് കപ്പ എത്താതെയായി. വിപണി സജീവമായപ്പോൾ രണ്ടുവർഷത്തെ നഷ്ടം നികത്താനുള്ള അവസരമാണെന്നും വ്യാപാരികൾ പറയുന്നു.
ഏതാനും മാസങ്ങൾ കൊണ്ട് കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയിൽനിന്ന് 45 ആയാണ് ഉയർന്നത്. ഈ വിലയ്ക്കുപോലും പല സ്ഥലത്തും കപ്പ കിട്ടാത്ത സ്ഥിതിയുമുണ്ട്. മുൻവർഷത്തെ രൂക്ഷമായ വിലയിടിവിനൊപ്പം കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കൂടിയായതോടെ കൃഷി കുറഞ്ഞതാണ് കപ്പവില കൂടാൻ കാരണം. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും ഇതിന് ആക്കം കൂട്ടി. അടുത്ത കാലത്തെ ഏറ്റവും വലിയ വിലയാണിപ്പോൾ കപ്പക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ വില വർധനവ് ഏറ്റവുമധികം ബാധിക്കുക കപ്പകൊണ്ടുള്ള വിഭവങ്ങൾ നിർമിക്കുന്നക്കുന്നവരെയാണ്. മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമിക്കാനായി വലിയ വില നൽകി സംഭരിക്കേണ്ടി വരുന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയാണ്. സംഭരണത്തെയും വിലക്കയറ്റം പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അന്ന് 15 മുതൽ 20 രൂപയ്ക്ക് വരെയായിരുന്നു ചില്ലറവിൽപ്പന. വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കപ്പ വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഗ്രാമ പ്രദേശങ്ങളിൽ പല സ്ഥലത്തും ചെറിയ വിലക്കാണ് കപ്പ വിറ്റുതീർത്തത്. പലർക്കും നേരിട്ട് വിൽപ്പനക്ക് ഇറങ്ങേണ്ട സ്ഥിതി പോലും ഉണ്ടായി. കൃഷിക്കായി ചെലവാക്കിയ തുകപോലും കിട്ടാതെ വന്നു. കൂലി വർധനവും രാസവളത്തിന്റെ വിലക്കൂടുതലും കൃഷി നാശവും കൂടിയായപ്പോൾ കർഷകന്റെ കാര്യം അവതാളത്തിലായി. അതോടെ പലരും മാറി ചിന്തിക്കാൻ നിർബന്ധിതരായി.
ഈ വർഷം ജനുവരിയിൽ ഒരുകിലോഗ്രാം കപ്പയ്ക്ക് കൃഷിക്കാരന് കിട്ടിയിരുന്നത് 8 മുതൽ 10 രൂപവരെയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ സമാനമായ പ്രവണതയായിരുന്നു. ഫെബ്രുവരിയിൽ 10-15 എന്ന നിലയിൽനിന്ന് 20 രൂപയായി. മേയ് മാസത്തിൽ ചില ഭാഗങ്ങളിൽ ഇത് 30 വരെ എത്തിയിരുന്നു. 2020 മാർച്ച് മുതൽ ലോക്ഡൗൺ കാലത്ത് വൻതോതിൽ കർഷകർ കപ്പക്കൃഷി നടത്തിയിരുന്നു. അതിന്റെ വിളവെടുപ്പ് നടന്നപ്പോൾ വൻതോതിൽ കപ്പ വിപണിയിലെത്തി. ഇതോടെ വിലയിടിഞ്ഞു.
രണ്ടുവർഷമായി കപ്പയ്ക്കു വില കുറഞ്ഞുനിന്നത് കർഷകരെ വിളയിറക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് കപ്പ സംഭരിക്കാൻ സർക്കാർ മുന്നോട്ട് വന്നത്. എന്നാൽ ഇപ്പോൾ സംഭരണം നിർത്തി. കപ്പ വാങ്ങാനാളില്ലാതെ വന്നപ്പോഴാണ് പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പും ഹോർട്ടികോർപ്പും ചേർന്ന് കർഷകരിൽനിന്നും കിലോയ്ക്ക് 12 രൂപയ്ക്ക് കപ്പ സംഭരിച്ചത്. കർഷകർക്ക് ആദ്യം ആറുരൂപ നൽകിയെങ്കിലും പത്തനംതിട്ട ജില്ലയിൽ അടക്കം ബാക്കി ആറുരൂപ പലർക്കും കിട്ടാനുമുണ്ട്. സംഭരിച്ച കപ്പ ഉണക്കിയും വാട്ടിയും വിവിധ ഉത്പന്നങ്ങളാക്കി വിതരണംചെയ്തു. ഹോർട്ടികോർപ്പ് കപ്പ ഉണക്കി സപ്ലൈകോ കിറ്റിലാക്കാൻ ശ്രമിച്ചെങ്കിലും പദ്ധതി പരാജയമായിരുന്നു.
നിലവിൽ 35 രൂപക്കാണ് കച്ചവടക്കാർ കപ്പ എടുക്കുന്നത്. മുന്തിയ ഇനമാണെങ്കിൽ 40 രൂപ വരെ കൃഷിക്കാർക്ക് ലഭിക്കുന്നുണ്ട്. 45 രൂപക്കാണ് കച്ചവടക്കാർ വിൽക്കുന്നത്. കോട്ടയത്ത് ചില ഇടങ്ങളിൽ കിലോയ്ക്ക് 48 രൂപ വരെ വില എത്തി. ഫെബ്രുവരിയിൽ 15 രൂപ ലഭിച്ച സ്ഥാനത്താണ് ഇപ്പോൾ ഈ ഉയർന്ന വില ലഭിക്കുന്നത്. ഇടക്കാലത്ത് 20-25 രൂപ ലഭിച്ചിരുന്നു. ആവശ്യത്തിന് കപ്പ വിപണിയിൽ ലഭ്യമല്ലാത്തതാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. കാലാവസ്ഥയിൽ വന്ന മാറ്റത്തോടെ ഉത്പാദനം നന്നേ കുറഞ്ഞു. നല്ല വേനൽ ലഭിച്ചില്ല. പല ഇടങ്ങളിലും വേനൽമഴ സ്ഥിരമായി ലഭിച്ചതോടെ കൃഷിയിടങ്ങൾ വെള്ളത്തിലാകുകയും മറ്റും ചെയ്തു. അത് കപ്പ കിഴങ്ങിനേയും ബാധിച്ചു. അതുപോലെ ഉത്പാദനവും കുറഞ്ഞു. മൂന്നുടൺ കഴിഞ്ഞ സീസണിൽ ലഭിച്ചവർക്ക് ഈ സീസണിൽ കഷ്ടിച്ച് ഒരു ടൺ മാത്രമാണ് വിളവ് ലഭിച്ചത്.
Post a Comment