Jun 12, 2022

സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ 'കാതോര്‍ത്ത്'


സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പത്തിന് പരിപാടിയുടെ ഭാഗമായി കാതോര്‍ത്ത് എന്ന പദ്ധതി ആരംഭിച്ചത്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നു. നിയമസഹായവും പൊലീസ് സഹായവും പദ്ധതിയിലൂടെ വേഗത്തില്‍ ലഭ്യമാക്കും. പ്രഗത്ഭരായ നിയമവിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പാനലില്‍ ഉള്‍പ്പെടുന്നു.

2021 ഫെബ്രുവരിയിലാണ് കാതോര്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് യാത്രാ ക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കുന്നതോടൊപ്പം അടിയന്തര പരിഹാരം ലഭ്യമാക്കാനുമാകും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വനിതാശിശു വികസന വകുപ്പ് മഹിളാ ശക്തികേന്ദ്ര പദ്ധതിയുടെ കീഴില്‍ ജില്ലാതലത്തില്‍ ഡിസ്ട്രിക്റ്റ് ലെവല്‍ സെന്റര്‍ ഫോര്‍ വുമണ്‍ രൂപീകരിച്ചിട്ടുണ്ട്.

*എങ്ങനെ അപേക്ഷിക്കാം*

www.kathorthu.wcd.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.കൗണ്‍സിലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിങ്ങനെ മൂന്ന് തരത്തില്‍ സഹായം ആവശ്യപ്പെടാം. അതത് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റുമാര്‍ ഓണ്‍ലൈന്‍ അപ്പോയ്മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്ര വഴി സേവനം ലഭ്യമാക്കും. ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായവരുടെ പാനല്‍ തയ്യാറാക്കി ഇവരുടെ വിവരം മഹിളാശക്തി കേന്ദ്ര വഴി ലഭ്യമാക്കി സേവനം നല്‍കും. പൊലീസ് സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വുമണ്‍ സെല്ലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ എസ്.എം.എസും ഇ-മെയില്‍ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനുള്ളില്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സ് സമയം അനുവദിച്ചുള്ള എസ്.എം.എസ് അപ്ഡേറ്റുകളും കിട്ടും. വീഡിയോ കണ്‍സല്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലുള്ള സുരക്ഷിതമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാക്കുക. സേവനങ്ങള്‍ നല്‍കാനായി സ്ത്രീകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വകുപ്പിന്റെ പാനലിലുള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പൊലീസ് എന്നിവരുമായി മാത്രമേ പങ്കിടൂ. കേരള സര്‍ക്കാരിന്റെ വനിത സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് സൗജന്യമാണ് ഈ സേവനം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only