Jun 22, 2022

ഹൃദയം’തൊട്ട് നന്ദി പറയാനും വിഷ്ണുവിന്റെ കുടുംബത്തിന് വിജയമധുരം പങ്കുവയ്ക്കാനും ഫിനുവെത്തി


പ്ലസ്ടു പരീക്ഷയില്‍(Plus Two Exam) മികച്ചവിജയം നേടിയപ്പോള്‍ ഫിനു ഷെറിന്‍ ‘ഹൃദയ’ ത്തില്‍ നിന്ന് നന്ദി പറഞ്ഞത് വിഷ്ണുവിന്റെ കുടുംബത്തിനാണ്. കാരണം, ആ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഫിനുവിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഫിനു ഷെറിനില്‍ ജീവിക്കുന്നത്. അഞ്ച് വിഷയങ്ങളില്‍ എ പ്ലസും ഒരു വിഷയത്തില്‍ എ ഗ്രേഡും നേടിയ ഫിനു വിജയമധുരം പങ്കുവെക്കാനായി വിഷ്ണുവിന്റെ വീട്ടിലെത്തുകയായിരുന്നു.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയത്. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റുവഴികളില്ലെന്ന് കണ്ടെത്തിയത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിദഗ്ധനായ ഡോ. രാജേഷ്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ സലീം മടവൂര്‍ ചെയര്‍മാനും മുസ്തഫ നുസരി വര്‍ക്കിങ് ചെയര്‍മാനും എം.എം. ഹബീബ് കണ്‍വീനറും എന്‍.കെ.സി. ബഷീര്‍ ട്രഷററുമായി ചികിത്സാകമ്മിറ്റി രൂപവത്കരിച്ചു. 56 ലക്ഷം രൂപയാണ് സുമനസ്സുകള്‍ നല്‍കിയത്. ഫിനു പഠിച്ച ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 13 ലക്ഷം രൂപ നല്‍കി.

14 വയസ്സുകാരിയില്‍ ചേര്‍ത്തുവെക്കാന്‍ പറ്റുന്ന ഹൃദയം കിട്ടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം ഹൃദയം നല്‍കാന്‍ തയ്യാറായി. 2018 ല്‍-കോഴിക്കോട് മെട്രോ കെയര്‍ ആശുപത്രിയിലെത്തിച്ച ഫിനു ഷെറിന് ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിന്റെ ഹൃദയം തുന്നിപ്പിടിപ്പിക്കുകയായിരുന്നു

രണ്ടുവര്‍ഷത്തിനുശേഷം തിരികെ സ്‌കൂളിലെത്തിയ ഫിനു എസ്.എസ്.എല്‍.സി.ക്ക് ഒമ്പത് എ പ്ലസുകളുമായാണ് വിജയിച്ചത്. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ പ്ലസ് ടുവിന് ചേരുകയായിരുന്ന. കെമിസ്ട്രിക്ക് ഒരു മാര്‍ക്കിന് എ പ്ലസ് നഷ്ടമായ ദുഃഖത്തിലാണ് ഫിനു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനത്തിനുശേഷം നീറ്റ് പരീക്ഷ വഴി എം.ബി.ബി.എസിനു ചേരാനാണ് ആഗ്രഹം. പാല ബ്രില്യന്‍സ് സ്റ്റഡി സെന്റര്‍ ഫിനുവിന് ഒരുവര്‍ഷത്തെ കോച്ചിങ് പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഡയറക്ടര്‍ ജോര്‍ജ് തോമസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷ്ണുവിന്റെ വീട്ടിലെത്തിയ ഫിനുഷെറിനെ അച്ഛന്‍ സുനില്‍, അമ്മ ബീന, സഹോദരി ലക്ഷ്മി എന്നിവര്‍ ഹൃദയാലിംഗനം ചെയ്ത് അഭിനന്ദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only