Jun 18, 2022

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കവര്‍ച്ച ; എട്ട് മലയാളികൾ അറസ്റ്റിൽ


ഗോണിക്കുപ്പയിൽ കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ മലയാളികളായ കാര്‍ യാത്രികരെ കൊള്ളയടിച്ച സംഭവത്തില്‍ എട്ടുപേരെ വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നു.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി.ജെ ജിജോ (31) മുസ്ലിയാര്‍ വീട്ടില്‍ ജംഷീര്‍ (29) , തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), പന്ന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരന്‍ ജിതിന്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പണം മോഷ്ടിച്ചത്. 

ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറിനോക്കാന്‍ പോയി തിരിച്ചുവരവേ ആയിരുന്നു കവര്‍ച്ച.


ഗോണിക്കുപ്പയില്‍വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാറില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഉരസുകയും ഇതുസംബന്ധിച്ച്‌ പ്രശ്നം സൃഷ്ടിക്കുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറിലെ നാലുപേരും പിന്നാലെ മറ്റൊരു കാറിലെത്തിയ നാലുപേരും ചേര്‍ന്ന് കവര്‍ച്ചക്കിരയായ കാര്‍ ഓടിച്ച ഷബിന്‍ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി. കാര്‍ അമിതവേഗതയിലാണെന്നും ഇതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് കാര്‍ പരിശോധിക്കുകയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവുമായി കടന്നു കളയുകയുമായിരുന്നു.

കവര്‍ച്ച ചെയ്യപ്പെട്ടവര്‍ സഞ്ചരിച്ചതും പ്രതികള്‍ സഞ്ചരിച്ചതും വാടകക്കെടുത്ത വാഹനങ്ങളിലാണ്.


പ്രതികളില്‍ ചിലര്‍ മുമ്പും മോഷണം, അക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും അതുകൊണ്ട് കേരള പൊലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജന്‍ രാജരസ് പറഞ്ഞു. 
പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only