സ്വപ്നാസുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കസിൽ ജയ്ഹിന്ദ് ചാനലിൻ്റെയും, ഏഷ്യാനെറ്റിൻ്റേയും മുൻ റിപ്പോർട്ടറായിരുന്ന ഷാജ് കിരൺ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് സാധ്യത നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഷാജിൻ്റെ സുഹൃത്ത് ഇബ്രാഹിമും മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
തങ്ങൾ നിരപരാധികളാണെന്നും ചിലർ ഗൂഢാലോചന നടത്തി തങ്ങളെ കുടുക്കുകയായിരുന്നുവെന്നുമാണ് ഇരുവരുടെയും വാദം. ഗൂഢാലോചനക്കാർക്ക് രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും ഷാജ് കിരണിൻ്റെ ജാമ്യാപേക്ഷയിലുണ്ട്
സ്വപ്നയുമായി തങ്ങൾ നടത്തിയ സൗഹൃദ സംഭാഷണത്തിൻ്റെ ഓഡിയോ ഫയലിൽ കൃത്രിമത്വം വരുത്തി ചിലർ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ ഇതിനകം തന്നെ
സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ തന്നെ സമീപിച്ചുവെന്ന് സ്വപ്ന ആരോപിച്ചിരുന്നു. രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘം ഷാജ് കിരണിനെതിരെയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷാജും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിൽ ഒളിവിലിരുന്നാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. പി സി ജോർജും , സ്വപ്നയും ചേർന്ന് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ ഗൂഢാലോചനയിൽ കോൺഗ്രസ് ചാനലിൻ്റെ മുൻ റിപ്പോർട്ടറായ ഷാജ് കിരണിനും പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.
Post a Comment