തിരുവനന്തപുരം: സെർവർ തകരാർ കാരണം സംസ്ഥാനത്ത് ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ പൂര്‍ണമായും സ്തംഭിച്ചു. തിങ്കളാഴ്ച പരിഹാരമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രജിസ്ട്രേഷന്‍ സേവനങ്ങള്‍ നാലുദിവസമായി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍, ഗഹാന്‍ രജിസ്ട്രേഷന്‍ എന്നിവ സ്തംഭിച്ചു. ബാധ്യത സര്‍ട്ടിഫിക്കറ്റിനും ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പിക്കും അപേക്ഷ നല്‍കാൻപോലും കഴിയുന്നില്ല.
ഒരു മാസത്തിലേറെയായി തുടരുന്ന പ്രശ്നം നാലുദിവസം മുമ്പാണ് സങ്കീര്‍ണമായത്. സെര്‍വര്‍ തകരാര്‍ നിമിത്തം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആധാരങ്ങളുടെ രജിസ്ട്രേഷനും തടസ്സപ്പെട്ടു. ഭൂമി ഈട് വെച്ച് ബാങ്ക് വായ്പ എടുക്കേണ്ടവരും വായ്പ അടച്ചവര്‍ ബാധ്യത തീര്‍ക്കാനാകാതെയും പണം കൈമാറിയവർ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനാകാതെയും വലയുകയാണ്. സെര്‍വര്‍ തകരാര്‍ രൂക്ഷമായതോടെ ജില്ലകള്‍ തിരിച്ച് സമയം ക്രമീകരിച്ച് സംവിധാനം ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ ആഴ്ചകളില്‍ താല്‍ക്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. എങ്കിലും പലേടത്തും രജിസ്ട്രേഷന് എത്തിയവര്‍ക്ക് നിരാശരായി പോകേണ്ടിവന്നു.
സഹകരണ ബാങ്കുകളില്‍നിന്ന് അയക്കുന്ന ഗഹാന്‍ സബ് രജിസ്ട്രാർ ഓഫിസുകളില്‍ സ്വീകരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മടക്കി അയക്കുന്നതാണ് നിലവിലെ രീതി. രജിസ്റ്ററിങ് ഉദ്യോഗസ്ഥന് ഡിജിറ്റല്‍ ഒപ്പ് നല്‍കാൻ സാധിക്കാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഒന്നിലേറെ തവണ ഫീസ് ഒടുക്കേണ്ടിവന്നിട്ടും സെര്‍വര്‍ തകരാര്‍ നിമിത്തം രജിസ്ട്രേഷന്‍ നടക്കാത്ത നിരവധി സംഭവങ്ങളുണ്ട്. മുദ്രപത്രത്തില്‍ ആധാരം എഴുതി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തശേഷം ഓണ്‍ലൈന്‍ വഴിയോ ട്രഷറിയിലൂടെയോ രജിസ്ട്രേഷന്‍ ഫീസ് അടച്ചശേഷമാണ് ഇടപാടുകാര്‍ സബ് രജിസ്ട്രാർ ഓഫിസിലെത്തുന്നത്. സെര്‍വര്‍ തകരാറായിരുന്നു രജിസ്ട്രേഷന് ആദ്യപ്രശ്നം. നാലുദിവസമായി ആധാരം എഴുതിയശേഷം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാനും സാധിക്കുന്നില്ല. രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണം കൂടുതലെന്ന അറിയിപ്പാണ് സൈറ്റില്‍ ലഭിക്കുന്നത്. ഭൂമി രജിസ്റ്റര്‍ ചെയ്യാൻ നാട്ടിലെത്തിയ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ഇതുവഴി ബുദ്ധിമുട്ടിലായത്.
Post a Comment