Jul 28, 2022

ഇന്ന് കർക്കടക വാവ്


കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആഘോഷിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വിശ്വാസികൾ കർക്കടക വാവുബലി ആചരിക്കുകയാണ്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ് നിയന്ത്രണമില്ലാത്ത ബലിതർപ്പണമാണ് ഇത്തവണ നടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. 

പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്ന ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.  വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താനും  എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ  ഒരുക്കാനും ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നല്കിയിട്ടുള്ളതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.

എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖത്ത് കടലാക്രമണം കണക്കിലെടുത്ത് ഇക്കുറി അനുമതിയില്ല.  ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്. ഹൈന്ദവ വിശ്വാസ പ്രകാരം കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വളരെ വിശേഷമാണ്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ബലി അർപ്പിക്കാം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only