Jul 17, 2022

നാളെ മുതൽ വില കൂടുന്ന സാധനങ്ങൾ ഇതൊക്കെയാണ്; കാത്തിരിക്കുന്നത് മൂച്ചൂടും മുടിക്കുന്ന നികുതിക്കൊള്ള


ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും കാത്തിരിക്കുന്നത്. ഇതിൽ അരിയും പയറും ഗോതമ്പും പാലും മത്സ്യവും മുതൽ ആശുപത്രി മുറികളും പെൻസിലും കത്തിയുംവരെ ഉൾപ്പെടുന്നുണ്ട്.

ജിഎസ്ടി നിരക്കിലെ വർധനവിനെ തുടർന്നാണ് വില ഉയരുന്നത്. 47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി വർധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. പാക്ക് ചെയ്ത ഇറച്ചി, മത്സ്യം, തൈര്, പനീർ, തേൻ, അരി, ഗോതമ്പ്, പയർ എന്നിവക്കെല്ലാം നികുതി ചുമത്താനുള്ള തീരുമാനം ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, പാക്ക് ചെയ്യാത്ത അരിയും നികുതിയുടെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ വിലക്കയറ്റതിന്റെ തോത് വീണ്ടും ഉയരും. ഉൽപന്നങ്ങളുടെ വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം രൂക്ഷമാക്കുമോയെന്നും ആശങ്കയുണ്ട്. എന്നാൽ, തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപാരികൾ ഉയർത്തുന്നത്. രാജ്യത്തിന്റെ പലയിടത്തും മൊത്തവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടാണ് വ്യാപാരികളുടെ പ്രതിഷേധം.

വില കൂടുന്നത് ഈ വസ്തുക്കൾക്കും സേവനങ്ങൾക്കും

 

ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ ​ആശുപത്രിവാസം, ഹോട്ടൽ മുറികൾ, എൽ.ഇ.ഡി ലൈറ്റുകൾ, പമ്പുകൾ, കത്തികൾ, ജൈവ വളം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയുടെ നികുതിയും ഉയർത്തിയിട്ടുണ്ട്. ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.

ഐ.സി.യു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വർധിയ്ക്കും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ 5 ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം. അറ്റ്‌ലസുകള്‍ ഉള്‍പ്പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടിയാണ് ഇനി നല്‍കേണ്ടത്.

ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ 12 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയില്‍ കൊണ്ട് വരാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. നിലവില്‍ ഇത്തരം റൂമുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സോളാർ വാട്ടർ ഹീറ്ററിന് 5 ശതമാനത്തിൽനിന്ന് 12 ശതമാനം ജിഎസ്ടി ഈടാക്കും.റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മലിനജല സംസ്‌കരണ പ്ലാന്റുകൾ, ശ്മശാനങ്ങൾ എന്നിവയ്‌ക്കായുള്ള തൊഴിൽ കരാറുകൾ പോലെയുള്ള ചില സേവനങ്ങൾക്കും നിലവിലെ 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി നികുതി ഉയരും.

ആർബിഐ, ഐആർഡിഎ, സെബി തുടങ്ങിയ റെഗുലേറ്റർമാർ നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം നികുതി ചുമത്തും, അതിനാൽ ബിസിനസ് സ്ഥാപനങ്ങളുടെ വാടകക്കെട്ടിടങ്ങൾക്കും ചിലവേറും.

ബയോ-മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും, 

എല്‍ഇഡി ലൈറ്റുകള്‍, എല്‍ഇഡി ലാമ്പുകള്‍ തുടങ്ങിയവയ്ക്കും വില ഉയരും. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതാണ് ഇതിന് കാരണം. കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സേര്‍വറുകള്‍ തുടങ്ങിയവയെല്ലാം ഇനി 18 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലാണ് വരിക. നേരത്തെ ഇത് 12 ശതമാനമായിരുന്നു. അതേസമം, ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only