ക്ലാസ്സിൽ വെച്ച് വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ. നാല് ദിവസം മുമ്പുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധ്യാപികക്കെതിരെ നടപടി എടുത്തത്. ഉത്തർപ്രദേശിലെ ഹർദോയിയിലുള്ള സർക്കാർ സ്‌കൂൾ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥികളിൽ ഒരാളെക്കൊണ്ട് അധ്യാപിക കൈ മസാജ് ചെയ്യിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഹർദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിൽ നിന്നുള്ള വീഡിയോയാണ് വൈറലായത്. സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഊർമിള സിംഗിനെയാണ് സസ്പെൻഡ് ചെയ്തത്
അധ്യാപിക കസേരയിൽ ഇരിക്കുമ്പോഴാണ് വിദ്യാർഥി മസാജ് ചെയ്യുന്നത്. മറ്റ് വിദ്യാർഥികളെല്ലാം തന്നെ ഇതേസമയം ക്ലാസ്സ് മുറിയിലുണ്ട്. ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് അധ്യാപികയെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവിറക്കിയത്. ഗ്രേഡിംഗ് ന്യൂസ് എന്ന ട്വിറ്റർ ഹാൻഡിലിലിൽ നിന്നാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്യപ്പെട്ടത്.
സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് ഹർദോയ് ബേസിക് എജ്യുക്കേഷൻ ഓഫീസർ ബിപി സിംഗ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. “ഒറ്റനോട്ടത്തിൽ തന്നെ അധ്യാപിക തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരെ സസ്പെൻഡ് ചെയ്തു. തുടർനടപടികൾ വൈകാതെ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.
Post a Comment