മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു ഷട്ടറുകള്‍ തുറന്നു. 30 സെ.മീ വീതമാണ് തുറന്നത്. 1068 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 1000 ക്യുസെക്‌സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്‌നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വാഴൂര്‍ സോമന്‍ എംഎല്‍എയും വള്ളക്കടവിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
11.30യ്ക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. മണിക്കൂറില്‍ 0.1 ഘനയടി എന്ന തോതില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. തുടര്‍ന്ന് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷട്ടര്‍ തുറന്നത്. നാല് ഷട്ടറുകള്‍ (വി1, വി5, വി6 & വി 10) കൂടി അഞ്ചിന് വൈകിട്ട് 5 മണി മുതല്‍ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 1870.00 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Post a Comment