Sep 17, 2022

വെറും 600 രൂപയ്ക്കു വാങ്ങിയ സൈക്കിളിൽ ഇന്ത്യ കണ്ട്, കശ്മീരിലെ ഉംലിങ് ലായും കീഴടക്കി മലയാളിയുവാവ്


600 രൂപയ്ക്കു വാങ്ങിയ സൈക്കിളിൽ ഇന്ത്യ കണ്ട് കശ്മീരിലെ ഉംലിഗ് ലാ പാസ് കീഴടക്കി തിരിച്ചെത്തിയിരിക്കുകയാണ് മാമല സ്വദേശി രാഹുൽ രാജ്. ചെറുപ്പത്തിലേ ഉള്ള യാത്ര എന്ന തന്റെ സ്വപ്നത്തെ പലരും കളിയാക്കിയപ്പോഴും 7000 രൂപ മാത്രം കൈയിൽ പിടിച്ച് ഒരു സെക്കൻഡ് ഹാൻഡ് ഹെർക്കുലീസ് സൈക്കിളിൽ തന്റെ ലക്ഷ്യം പൂർത്തീകരിച്ച് തിരിച്ചെത്തിയ ഈ 26-കാരൻ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെക്കുകയാണ്.
2022 ഏപ്രിൽ 20-നാണ് വീട്ടിൽനിന്ന് യാത്ര ആരംഭിച്ചത്. പ്രത്യേകിച്ച് ആരോടും പറയാതെയായിരുന്നു. യാത്ര. നിനക്ക് ഇതിനു കഴിയില്ല, ഈ സൈക്കിളിന് ഇത്ര ദൂരം പോകാനാകില്ല തുടങ്ങിയ തടസ്സവാദങ്ങൾ ഉന്നയിച്ചവരായിരുന്നു ഏറെയും. എന്നാൽ, തന്റെ ഇച്ഛാശക്തി കൊണ്ട് 7000 കിലോമീറ്ററോളം താണ്ടി ലക്ഷ്യം പൂർത്തിയാക്കി.



പഴയ സൈക്കിൾ, പണത്തിന്റെ കുറവ്, പരിചിതമല്ലാത്ത വഴികൾ

തുടക്കമായതിനാൽ ദിവസവും 60 കിലോമീറ്ററോളമാണ് ദിവസവും സഞ്ചരിച്ചത്. കർണാടകയിൽ പ്രവേശിച്ചതോടെ കുടുതൽ ദൂരം സഞ്ചരിക്കാനായി. വളവും തിരിവും കുറവുള്ള നീണ്ട റോഡുകളായതിനാൽ കൂടുതൽ ദൂരം ഓരോ ദിവസവും സൈക്കിൾ ചവിട്ടാനായി. ഗോകർണയിൽ എത്തിയപ്പോൾ സൈക്കിൾ സഞ്ചാരിയായ കോഴിക്കോട് സ്വദേശി മുസ്ഫിറിനെ പരിചയപ്പെട്ടു. മുസ്ഫിർ സമാന ലക്ഷ്യം വെച്ച് യാത്ര ചെയ്യുന്ന ആളായിരുന്നു. പിന്നീട് മുസ്ഫിറിനൊപ്പം ഒരുമിച്ചായിരുന്നു യാത്ര. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ, ദില്ലി, കശ്മീർ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ചവിട്ടിക്കയറി. ലോകത്തിലെ ഏറ്റവും ഉയ രത്തിലുള്ള മോട്ടോർബിൾ റോഡ് കീഴടക്കി. സമുദ്രനിരപ്പിൽനിന്ന് 19,300 അടി ഉയരത്തിലുള്ള ലഡാക്കിലെ ഉംലിങ് പാസിൽ ആണ് ഇവർ എത്തിയത്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗത യോഗ്യമായ റോഡ് എന്ന അംഗീകാരം ഇന്ത്യൻ സൈന്യം നിർമിച്ച ലഡാക്കിലെ ഉംലിങ് റോഡിനാണ്.
കശ്മീരിലെ ഹാൻലെ വില്ലേജിൽനിന്ന് 80 കിലോമീറ്റർ സൈക്കിൾ തള്ളി നടന്നാണ് ഉംലിങ് പാസ് എത്തിയത്. ഇവിടെ നിന്ന് ചൈന അതിർത്തിയായ ദംചോക്കിലും എത്തി. ഭക്ഷണം പാകം ചെയ്യാൻ പോലും പറ്റാത്ത തണുപ്പിൽ പലപ്പോഴും ബിസ്കറ്റും വെള്ളവും മാത്രം കഴിച്ചായിരുന്നു കശ്മീരിലെ യാത്രകൾ. ചില ദിവസങ്ങളിൽ ആർമി ബങ്കറുകളിലും മറ്റും കിടന്നും അവർ നൽകിയ ഭക്ഷണം കഴിച്ചുമാണ് യാത്ര ചെയ്തത് എന്ന് രാഹുൽ രാജ് പറഞ്ഞു.

*മഞ്ഞിടിച്ചിലിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്*

യാത്രയ്ക്കിടയിൽ രണ്ടിടത്ത് അപകടത്തിൽ പെട്ടു. ഒരിടത്ത് പിക്കപ്പ് വാൻ മുട്ടി സൈക്കിളിൽ നിന്നുവീണ് കൈക്ക് പരിക്കുപറ്റി. തലനാരിഴയ്ക്കാണ് മഞ്ഞിടിച്ചിലിൽനിന്ന് രക്ഷപ്പെട്ടത്. കൺമുന്നിൽ ഉണ്ടായ ഈ മഞ്ഞിടിച്ചിലിൽ ഒരു ബസ് അപകടത്തിൽപ്പെട്ടു. ഇതിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു.
യാത്രയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കിടക്കാൻ ടെന്റടിക്കാൻ സ്ഥലം ചോദിക്കുമ്പോൾ ജാതി ചോദിക്കാറുണ്ട് എന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന പണം തീർന്നു. പിന്നീട് കൂട്ടുകാർ അയച്ചുതന്ന പണവും പോയ വഴികളിൽ പലരും തന്ന സഹായങ്ങളുമാണ് യാത്ര പൂർത്തിയാക്കാൻ സഹായിച്ചത്. മാമല കുഞ്ഞുമോളത്ത് രാജന്റെയും ജാൻസിയുടെയും മകനാണ് രാഹുൽ രാജ്. ഐ.ടി.ഐ. ബിരുദധാരിയാണ്. രേഷ്മയും രാജശ്രീയും സഹോദരിമാരാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only