Sep 18, 2022

പോപ്പുലർ ഫ്രണ്ടിന്റെ ഏരിയാ റിപ്പോർട്ടർ; പിടിയിലായത്പട്ടിക തയ്യാറാക്കി കൊലപാതകം, ദൃശ്യങ്ങളും


പാലക്കാട്: ആർ.എസ്.എസ്. മുൻപ്രചാരകൻ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടിൽ വീട്ടിൽ സിറാജുദ്ദീനാണ് (38) പോലീസ് പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ഏരിയാറിപ്പോർട്ടറാണ് സിറാജുദ്ദീൻ. കേസിലെ ഒളിവിലുള്ള 13-ാം പ്രതി കാജാഹുസൈനെ ഒളിവിൽ കഴിയുന്നതിന് സഹായിച്ചതിനും ഗൂഢാലോചനയിൽ പങ്കെടുത്തതിനുമാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

ഏപ്രിൽ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകനായ സുബൈർ എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച് 24 മണിക്കൂർ തികയുംമുമ്പാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച അറസ്റ്റിലായ സിറാജുദ്ദീൻ 38-ാം പ്രതിയാണ്. കോട്ടയ്ക്കലിൽ യുനാനി ക്ലിനിക് നടത്തിയിരുന്ന ഇയാളെ മലപ്പുറത്തുനിന്നാണ് പിടികൂടിയത്. കൊലയ്ക്കുമുമ്പ് നടന്ന ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നെന്ന് പോലീസ് പറയുന്നു. മറ്റ് പല കൊലക്കേസുകളിലും ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇയാൾ താമസസൗകര്യമൊരുക്കിയിട്ടുണ്ട്.

സിറാജുദ്ദീന്റെ ബാഗിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ, പാലക്കാട്ടെ ആർ.എസ്.എസ്. പ്രാദേശികനേതാവ് സഞ്ജിത്തിന്റെ കൊലപാതകശേഷം പകർത്തിയ ദൃശ്യങ്ങളുള്ളതായി പോലീസ് കണ്ടെത്തി. സഞ്ജിത്ത് വെട്ടേറ്റ് മരിച്ചുകിടക്കുന്നതുമുതൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള ദൃശ്യങ്ങളാണിത്. കൊലപാതകത്തിലുൾപ്പെട്ട് ഇപ്പോഴും ഒളിവിലുള്ളവർ പകർത്തിയതാണ് ദൃശ്യങ്ങളെന്ന് പോലീസ് പറഞ്ഞു.

സിറാജുദ്ദീന് സഞ്ജിത് വധത്തിൽ പങ്കുണ്ടോയെന്നതും പോലീസ് പരിശോധിക്കും. പട്ടിക തയ്യാറാക്കി കൊലപാതകം നടത്തുന്ന സംഘമാണ് എസ്.ഡി.പി.ഐ.യ്ക്കും പോപ്പുലർഫ്രണ്ടിനുമുള്ളതെന്നതിന്റെ ശക്തമായ തെളിവുകൾ സിറാജുദ്ദീന്റെ ബാഗിൽനിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. മലപ്പുറത്തെയും ആലത്തൂരിലെയും ബി.ജെ.പി, ആർ.എസ്.എസ്. നേതാക്കളുടെ പട്ടികകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. 12 പേരുടെ വിവരങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. മലപ്പുറത്തെ ഒരു കേസിലെ സാക്ഷിയുടെ ചിത്രവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only