കോഴിക്കോട് സിനിമാ പ്രചാരണത്തിനെത്തി തിരിച്ചുപോകവേ ആൾക്കൂട്ടത്തിനിടയിൽ നിന്നും അതിക്രമം നേരിട്ട സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി യുവനടി. ഇത്രയ്ക്ക് അസഹിഷ്ണുതയുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്ന് അവർ ചോദിച്ചു. പല സ്ഥലത്തും സിനിമാ പ്രൊമോഷന് പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തികെട്ട അനുഭവം വേറെവിടെ നിന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.
തന്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചുപോയി. ആ മരവിപ്പിൽ നിന്നുകൊണ്ട് തന്നെ ചോദിക്കുവാണ്, തീർന്നോ നിന്റെയൊക്കെ അസുഖം എന്നു ചോദിച്ചുകൊണ്ടാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബിലഹരിയും രംഗത്തെത്തി. ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാൽ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ consent , privacy തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കൽ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറു കാമറകൾക്ക് മുമ്പിൽ അരങ്ങേറുന്നത്. നടിമാർ പൊതു സ്വത്താണ്, പിന്നെ കിട്ടുന്നത് അടിയായാലും, തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി കാമറ വഴി പൊക്കി ഇമ്മീഡിയറ്റ് വിധി അടിച്ചു വായിൽ കൊടുക്കണം. ഫേസും പബ്ലിക് ആക്കണം ! എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങൾ കോഴിക്കോട്ടെ മാളിൽ എത്തിയത്. പ്രമോഷൻ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്താണ് രണ്ട് നടിമാർക്കും നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദുരനുഭവമുണ്ടായത്. ഇതിൽ ഒരു നടി ആക്രമിച്ചയാളെ തിരിച്ച് തല്ലുകയും ചെയ്തിരുന്നു. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം ഇതുസംബന്ധിച്ച് നടത്തുമെന്നും സി.സി.ടി.വി. അടക്കമുള്ളവ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
Post a Comment