മുക്കം : ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ടക്ടർക്ക് മർദനം. അരീക്കോട്-മുക്കം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളംപേർ മർദിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറരയോടെ മുക്കം ബസ് സ്റ്റാൻഡിലാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യകോളേജിൽ ബി.കോമിന് പഠിക്കുന്ന കെട്ടാങ്ങൽ സ്വദേശിയായ വിദ്യാർഥിനിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി.
ബസിൽ സീറ്റുലഭിച്ചപ്പോൾ ഇരുന്ന തന്നോട് കണ്ടക്ടർ കൺസഷനു പകരം മുഴുവൻ ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ അരീക്കോട് കൊണ്ടുപോയി ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് കണ്ടക്ടർ ബാഗ് വാങ്ങിവെച്ചെന്നും വിദ്യാർഥിനി ആരോപിച്ചു. ബസ് കെട്ടാങ്ങലിൽ എത്തിയിട്ടും കണ്ടക്ടർ ബാഗ് വിട്ടുനൽകാതിരുന്നതോടെ വിദ്യാർഥിനി മുക്കംവരെ ബസിൽ യാത്രതുടർന്നു. ബസ് മുക്കം സ്റ്റാൻഡിൽ എത്തുമ്പോഴേക്കും കണ്ടക്ടറെ ‘കൈകാര്യം’ ചെയ്യാൻ പത്തോളംപേർ ജീപ്പിൽ എത്തിയിരുന്നു. കണ്ടക്ടർ ബസിൽനിന്ന് പുറത്തിറങ്ങിയതോടെ കൂട്ടത്തല്ലായി.ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷമാണെന്നാണ് യാത്രക്കാരും നാട്ടുകാരും ആദ്യം കരുതിയത്. ബസ് ജീവനക്കാർക്കുപോലും അക്രമികളെ തടയാനായില്ല. ഒടുവിൽ, കയറ്റിറക്ക് തൊഴിലാളികളാണ് കണ്ടക്ടറെ രക്ഷിച്ചത്. പിന്നീട് പരാതിനൽകാൻ വിദ്യാർഥിനി മുക്കം പോലീസ് സ്റ്റേഷനിലെത്തി.
സംഭവം നടന്നത് കുന്ദമംഗലം സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതിനൽകാൻ മുക്കം പോലീസ് നിർദേശിച്ചു.മർദനമേറ്റ ബസ് കണ്ടക്ടർ മണാശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. വിദ്യാർഥിനിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പ്രായമായ സ്ത്രീ ബസിൽ കയറിയപ്പോൾ അവർക്കിരിക്കാൻ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ പറയുക മാത്രമാണ് ചെയ്തതെന്നും കണ്ടക്ടർ പറഞ്ഞു
Post a Comment