കൂടരഞ്ഞി : മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊതുകിണർ നികത്തിയതിനെതിനെതിരേ നാട്ടുകാർ. കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ റോഡരികിലെ കിണറാണ് പൂർണമായും മണ്ണിട്ടുനികത്തിയത്. കക്കാടംപൊയിൽ റോഡിലാണിത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.
പത്തോളം കുടുംബങ്ങൾ കാലങ്ങളായി ഈ പൊതുകിണറിനെയാണ് ആശ്രയിക്കുന്നത്.കക്കാടംപൊയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളടക്കം യാത്രക്കാരും കിണർ ആശ്രയിക്കാറുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ബദൽസംവിധാനം അടിയന്തരമായി ഒരുക്കണമെന്ന് പ്രദേശവാസിയായ വെള്ളിലത്തൊടി അബ്ദുൽ സലാം ആവശ്യപ്പെട്ടു.മലയോരഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിതെന്നും പഞ്ചായത്ത് പദ്ധതികൾക്ക് ശ്രമം നടക്കുന്നതായും വാർഡ് മെമ്പർ ബിന്ദു ജയൻ അറിയിച്ചു
Post a Comment