തിരുവമ്പാടി : ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ. അറീന 2022 എന്ന പേരിൽ 3 ദിവസത്തെ നാടകോത്സവും മറ്റു സർഗാത്മക ആവിഷ്കാരങ്ങളും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 28,29,30
തിയ്യതികളിലായി എം. സി. ഓഡിറ്റോറിയത്തിലാണ് വിവിധ പരിപാടികൾക്കായി വേദിയൊരുങ്ങുന്നത്.
28 ന് വൈകിട്ട് 4 ന് ജനചേതനയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ശ്രീ. വി.ടി.മുരളി നിർവ്വിഹിക്കും. തിരുവമ്പാടിയുടെ മൺമറഞ്ഞ ചിത്രകാരൻ ശ്രീ. ഹംസയുടെ ശേഷിക്കുന്ന ചിത്രങ്ങളുടെയും സ്കെച്ചുകളുടേയും പ്രദർശനവും വിൽപ്പനയും ലക്ഷ്യമാക്കി നടത്തുന്ന ചിത്ര പ്രദർശനം കവിയും ചിത്രകാരനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി എം എൽ എ ശ്രീ. ലിന്റോ ജോസഫ് അധ്യക്ഷനാകുന്ന ചടങ്ങിൽ അപ്പുണ്ണി ശശി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന *ചക്കരപ്പന്തൽ* , കോഴിക്കോട് നാടകസഭയുടെ *പച്ചമാങ്ങ* എന്നീ നാടകങ്ങൾ അരങ്ങേറും.
29 നു രാവിലെ നടക്കുന്ന *വർണോത്സവം* പരിപാടിയിൽ വിദ്യാർത്ഥികളും മുതിർന്നവരും ചിത്രങ്ങൾ വരയ്ക്കുന്നു .
ഉച്ചയ്ക്കു ശേഷം ആദിവാസികളുടെ തനതു കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് *നാലണക്ക് ഊണ്* , *ഏകാകിനി*, *കൂനൻ* , *ക്ലാവർ റാണി* എന്നീ നാടകങ്ങളുടെ അവതരണവും ഇടവേളയിൽ ശ്രീ. ജോഷി ബെനഡിക്ടിന്റെ ആനിമേഷൻ സിനിമകളും പ്രദർശിപ്പിക്കും.
30 നു ഞായർ രാവിലെ *കുടിയേറ്റ സമൂഹം: ചരിത്രവും വർത്തമാനവും* വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. മലബാർകുടിയേറ്റത്തേക്കുറിച്ച് ആധികാരിക ചരിത്ര ഗ്രന്ഥങ്ങളും ലേഖനങ്ങളുമെഴുതിയിട്ടുള്ള ശ്രീ. വർഗീസ് തോട്ടക്കാട്, ഫാ.മാത്യു നാഗപറമ്പിൽ , ബാബു ചെറിയാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രാഷ്ട്രീയ പാർട്ടികൾ, കർഷക സംഘടനകൾ, പരിസ്ഥിതി സംഘടനകൾ മുതലായവരുടെ പ്രതിനിധികൾ സെമിനാറിൽ ഡെലിഗേറ്റുകളാകും.
അന്ന് വൈകിട്ട് *തോമ കറിയ കറിയ തോമ*, *നിലാവ് അറിയുന്നു*, *ബൊളീവിയൻ സ്റ്റാർസ്* എന്നീ നാടകങ്ങളുടെ അവതരണത്തോടെ അറീന 2022 നു തിരശ്ശീല വീഴും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജോളി ജോസഫ് ചെയർമാനും ഡോ. ജെയിംസ് പോൾ ജനറൽ കൺവീനറുമായി എഴുപത്തഞ്ചംഗ സ്വാഗത സംഘം രൂപീകരിച്ചു.
Post a Comment