Oct 26, 2022

11 വർഷം മുമ്പ് കാണാതായ ദിവ്യയും മകളും എവിടെ പോയി?; മാഹീൻ പറഞ്ഞത് ശരിയായിരുന്നോ?.


കാട്ടാക്കട • പതിനൊന്ന് വർഷത്തിനു മുൻപ് കാണാതായ ഊരുട്ടമ്പലം വെള്ളൂർകോണം സ്വദേശിനിയെയും മകളെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നെയ്യാറ്റിൻകര അസി.പൊലീസ് സൂപ്രണ്ട് പരാഷിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച്, ഡിസിആർബി ഡിവൈഎസ്പിമാരും പൂവാർ, മാറനല്ലൂർ, സൈബർ സെൽ ഇൻസ്പെക്ടർമാരും അടങ്ങുന്ന 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പൂവച്ചൽ വേങ്ങവിളയിൽ ‍നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യും മകൾ ഗൗരിയെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്.

2008 മുതൽ ദിവ്യക്ക് ഒപ്പം താമസിച്ചിരുന്ന പൂവാർ സ്വദേശി മാഹീനായിരുന്നു ഇവരെ കൂട്ടി കൊണ്ടു പോയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. ദിവ്യ ഗർഭിണി ആയതോടെ മാഹീൻ വിദേശത്തേക്ക് കടന്നു. നേരത്തെ മാഹീൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ദിവ്യയുമായി അടുത്തത്. ദിവ്യ പ്രസവിച്ച് ഒന്നര വർഷത്തിനു ശേഷം മാഹീൻ തിരിച്ചെത്തി. നാട്ടിലെത്തിയ ശേഷം വീണ്ടും ദിവ്യയുമായി ബന്ധം സ്ഥാപിച്ചു. ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം ഇയാൾ 2011 ഓഗസ്റ്റ് 11ന് വൈകിട്ട് ദിവ്യയേയും മകളെയും കൂട്ടികൊണ്ടു പോയത്. ഇവരെ ഇതുവരെ കണ്ടെത്താനായില്ല.

മകളെയും കുഞ്ഞിനെയും കാണാതായി 2 ദിവസത്തിനുശേഷം മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീനെ കണ്ടു. കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹിതനും പിതാവുമായ മാഹീൻ അന്ന് പറഞ്ഞത് ദിവ്യയേയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു. വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിട്ടില്ല.

2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ ‍തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിക്കുന്നത് കമ്മിഷൻ തടഞ്ഞതായാണ് പൊലീസ് പറയുന്നത്. തുടക്കം മുതൽ മാറനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കേസിൽ കാര്യമായ അന്വേഷണം നടത്തിയില്ല. മാഹീനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്തു.

കാണാതായ ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും വീട്ടുകാർക്ക് ഇല്ല. മാഹീൻ ഇപ്പോഴും നാട്ടിലുണ്ടെന്നു ദിവ്യയുടെ ബന്ധുക്കൾ പറയുന്നു. അടുത്തിടെ വീണ്ടും ദിവ്യയുടെ തിരോധാന കേസ് അന്വേഷണം ജില്ലാ സി ബ്രാഞ്ച് ആരംഭിച്ചു. മാഹീനെ വിളിപ്പിച്ചു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിവിധ തലങ്ങളിൽ പരാതിയുമായി പോകാനാണ് മാഹീൻ ശ്രമിച്ചതെന്നാണ് സേനയിൽ ‍നിന്നുള്ള വിവരം. എന്തായാലും പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസം അർപ്പിച്ചിരിക്കയാണ് ദിവ്യയയുടെ മാതാവും സഹോദരിയും. അന്വേഷണം കാര്യക്ഷമമായി മുന്നേറിയാൽ ദിവ്യയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീക്കാനാകും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only