Oct 5, 2022

വധശിക്ഷയും കാത്ത് 16 വര്‍ഷമായി സൗദി ജയിലില്‍; കോഴിക്കോട് സ്വദേശിക്ക് മോചനത്തിന് വേണ്ടത് 33 കോടിരൂപ


റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ 16 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപ (ഒന്നര കോടി റിയാല്‍) ദയധനമായി ആവശ്യപ്പെട്ട് മരിച്ച സൗദി ബാലന്റെ കുടുംബം. അപ്പീല്‍ കോടതയിലുള്ള കേസില്‍ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്നും അല്ലെങ്കില്‍ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു.

കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുറഹീമിനെ സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്റി എന്ന ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 10 വര്‍ഷം മുമ്പാണ് സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. 

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലയ്ക്ക് താഴെ ചലനശേഷിയില്ലാതിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീല്‍ ചെയറില്‍ പുറത്തും മാര്‍ക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങിച്ചു തിരിച്ചു വീട്ടില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.

2006 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിയാദ് ശിഫയിലെ വീട്ടില്‍നിന്ന് അസീസിയിലെ പാണ്ട ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി. പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. തുടര്‍ന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only