Oct 29, 2022

തിരുവമ്പാടി റബർ എസ്റ്റേറ്റ് സമരം ഒത്തുതീർപ്പായി


മുക്കം:84 ദിവസം നീണ്ട തിരുവമ്പാടി റബർ എസ്റ്റേറ്റ് (കിൽക്കോത്തഗിരി ആൻഡ് തിരുവമ്പാടി പ്ലാന്റേഷൻ) സമരം ഒത്തുതീർപ്പായി. എല്ലാ വിഭാഗം തൊഴിലാളികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി വിപുലമായ വർക്ക്സ് കമ്മിറ്റി രൂപീകരിക്കും എന്നതടക്കമുള്ള ഒത്തുതീർപ്പു വ്യവസ്ഥകളോടെയാണു സമരം അവസാനിപ്പിച്ചത്. മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നു എന്നാരോപിച്ച് ഓഗസ്റ്റ് 5ന് ആണു സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
റീജനൽ ജോയിന്റ് ലേബർ കമ്മിഷണറുടെയും അഡീഷനൽ ലേബർ കമ്മിഷണറുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തൊഴിലാളി യൂണിയൻ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ഇന്നലെ റീജനൽ ജോയിന്റ് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഒത്തു തീർപ്പായത്. 31 മുതൽ എസ്റ്റേറ്റും ഫാക്ടറിയും വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കും. ഞായർ ടാപ്പിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ വർക്ക്സ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കും.

ജില്ലാ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നവംബർ ഒന്നിന് വർക്സ് കമ്മിറ്റിയുടെ ആദ്യം യോഗവും ചേരും. തൊഴിലാളികൾക്കെതിരെയുളള അച്ചടക്ക നടപടികളും കേസുകളും പിൻവലിക്കും. 2021– 22 വർഷത്തെ ബോണസ് അടുത്ത മാസം 15 ന് അകം വിതരണം ചെയ്യും. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സിഇഒ എം.കെ.പട്‌‍വാരി, സീനിയർ മാനേജർ സിബിച്ചൻ എം. ചാക്കോ, സീനിയർ അക്കൗണ്ടന്റ് അർ.സദാനന്ദൻ, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് മുക്കം മുഹമ്മദ്, കെ.രാജീവ്, ഇ.പി.അജിത്ത്, കെ.പ്രഹ്‍ളാദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only