കോട്ടയം: സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ച സംഭവത്തിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ. സ്വന്തം അമ്മയുടെ പത്ത് പവൻ സ്വർണാഭരണങ്ങളായിരുന്നു ഭർത്താവിനോടൊപ്പം ചേർന്ന് മകൾ മോഷ്ടിച്ചത്. തുടർന്ന് മുക്കുപണ്ടം പകരം വെക്കുകയും ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺ രാജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓണത്തിന് കോട്ടയത്തെ സ്വന്തം വീട്ടിലെത്തിയപ്പോഴായിരുന്നു ഐശ്വര്യ മോഷണം നടത്തിയത്. അമ്മ പാലക്കാട് ജോലിക്കുപോയ തക്കം നോക്കി സ്വർണമെടുക്കുകയും തിരുവനന്തപുരത്തേക്ക് തിരിച്ച് പോകുകയും ചെയ്തു. ജോലിക്ക് പോയ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി.
ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സ്വന്തം മകൾ തന്നെയാണെന്ന് കണ്ടെത്തിയത്. ഈ സ്വർണം ഐശ്വര്യയുടെ തിരുവനന്തപുരത്തുള്ള ഭർതൃഗൃഹത്തിൽ നിന്ന് കണ്ടെടുക്കുകയും ഇതിൽ ചിലത് മുക്കുപണ്ടമാക്കിയതായും പോലീസ് കണ്ടെത്തി.
ഐശ്വര്യയുടെ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മയെടുത്ത് വെച്ച സ്വർണമാണ് മൂത്തമകൾ മോഷ്ടിച്ചത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Post a Comment