Nov 30, 2022

കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിപാടി: വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു"


കോഴിക്കോട്: പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി.
ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.ഇതിനെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള വിഷ പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു.

മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർ​ഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചതും, വിഷ പാമ്പുകളെ കൊണ്ടുവന്നതും വിമർശനത്തിന് കാരണമായി. മന്ത്രിമാർ അടക്കം വാവ സുരേഷിന്റെ രീതിയെ വിമർശിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറെ നാൾ വിദ​ഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് സുരക്ഷിതമല്ലാത്ത മാർ​ഗത്തിലൂ‌ടെയല്ലാതെ പാമ്പുപിടിക്കരുതെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ക്ലാസെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ക്ഷണിച്ചതും വിഷപ്പാമ്പുകളെ കൊണ്ടുവന്നതും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only