കാത്തിരിപ്പ് അവസാനിക്കുകയാണ്. രണ്ട് പകലും രാത്രിയും കഴിഞ്ഞാൽ ലോകകപ്പായി. 22–-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഖത്തർ അണിഞ്ഞ് ഒരുങ്ങിയിരിക്കുന്നു. അറബ് നാട്ടിൽ ആദ്യമായി നടക്കുന്ന കപ്പ് ചരിത്ര സംഭവമാക്കാനുള്ള അവസാനത്തെ ഒരുക്കത്തിലാണവർ. കളിയുടെ പാരമ്പര്യമില്ലെങ്കിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക’ പുതിയൊരു അനുഭവമാകും. പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമർശവും ആക്ഷേപവും അതിജീവിച്ചാണ് കൊച്ചു രാജ്യം വിശ്വ കായികമാമാങ്കത്തിന് വേദിയൊരുക്കുന്നത്.
ലോകകപ്പിനുള്ള 32 ടീമുകളും അന്തിമ പട്ടിക പ്രഖ്യാപിച്ചു. ടീമുകൾ എത്തിത്തുടങ്ങി. അവസാന വട്ട സൗഹൃദ മത്സരങ്ങൾ പൂർത്തിയായാൽ മുഴുവൻ ടീമും എത്തും. അഞ്ച് നഗരത്തിലെ എട്ട് സ്റ്റേഡിയവും പൂർണ സജ്ജമായി. കിക്കോഫിന് മുമ്പ് ഉദ്ഘാടന പരിപാടികൾക്ക് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയം സാക്ഷിയാകും. ഇന്ത്യൻ സമയം രാത്രി ഏഴോടെ ഉദ്ഘാടനം. രാത്രി ഒമ്പതരയ്‌ക്കാണ് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ കളി. ഉദ്ഘാടന ചടങ്ങിന്റെ വിശദാംശം സംഘാടകർ പുറത്തു വിട്ടിട്ടില്ല. അറബ് പാരമ്പര്യവും കലാ രൂപങ്ങളും അണി നിരക്കുന്ന മെഗാ മേളയാകും ഒരുക്കുക.
Post a Comment