ഓമശ്ശേരി : ചൊവ്വാഴ്ച പുലർച്ചെ ഓമശ്ശേരി സൗത്ത് മങ്ങാട്ടുവെച്ചുണ്ടായ കാറപകടത്തിൽ ഒരാളുടെ ജീവൻ കവർന്നത് റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് സ്ളാബുകളാണ്. വയനാട് സുൽത്താൻബത്തേരി കുന്താണി സ്വദേശി പുളിനാംകുഴി മത്തായി (67) ആണ് മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് സ്ളാബിൽ ഇടിച്ച് തകരുകയായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകളൊന്നും കരാർ കമ്പനി സ്വീകരിച്ചിരുന്നില്ലെന്നും രാത്രികാലങ്ങളിൽ തിളങ്ങുന്ന സ്റ്റിക്കർ പതിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ കമ്പനി അവഗണിച്ചെന്നും പ്രദേശവാസികൾ ആരോപിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി റോഡരികിൽ കോൺക്രീറ്റ് സ്ളാബുകളും റെഡിമെയ്ഡ് അഴുക്കുചാലുകളും കൂട്ടിയിടുന്നതിനെതിരേ ഒട്ടേറെത്തവണ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിട്ടും നാട്ടുകാരുടെ ആവശ്യങ്ങൾ അവഗണിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. രാത്രികാലങ്ങളിൽ റോഡരികിൽ നിർത്തിയിടുന്ന കരാർ കമ്പനിയുടെ ടിപ്പർലോറികളും കൂറ്റൻയന്ത്രങ്ങളും മറ്റു സ്ഥലത്തേക്ക് മാറ്റണമെന്നും നിർമാണം പുരോഗമിക്കുന്നിടങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Post a Comment